അരീക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സുല്ലമുസ്സലാം സയൻസ് കോളജിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ റൈസ് അഥവാ റിസർച്ച്, ഇന്നൊവേഷൻ ആന്റ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ലീപ് സെന്ററായി ഉയർത്തുന്നു. ഇതോടെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ഔദ്യോഗിക ലീപ് സെന്ററായി അംഗീകാരം ലഭിക്കുന്ന മലബാറിലെതന്നെ ആദ്യ കോളേജെന്ന ബഹുമതിയും സുല്ലമുസ്സലാമിന് സ്വന്തം.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോയെയുള്ള ടി. ബി. ഐ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകൂടിയാണ് സുല്ലമുസ്സലാം സയൻസ് കോളേജ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി കോ-വർക്കിംഗ് സ്‌പേസുകളും സ്റ്റാർട്ടപ്പ് ഇവന്റുകളും ഇൻക്യൂബേഷൻ പിന്തുണയും ഒരുക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ലീപ്. ലീപ് സെന്ററാകുന്നതിലൂടെ റൈസിനു വിപുലമായ ഫണ്ടിങ് അവസരങ്ങൾ, വിദഗ്ധരുടെ മെന്റർഷിപ്പ്, പരിശീലന പരിപാടികൾ, സംസ്ഥാനതല സ്റ്റാർട്ടപ്പ് നെറ്റ്‌വർക്കുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവ ലഭ്യമാകുന്നതാണ്. അതുവഴി വിദ്യാർത്ഥികൾക്കും ഗ്രാമീണ സ്റ്റാർട്ടപ്പുകൾക്കും വൻനഗരങ്ങളിലേക്ക് കുടിയേറാതെതന്നെ തങ്ങളുടെ സംരംഭങ്ങളെ വളർത്തിയെടുക്കാനാകും.
ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ അനൂപ് അംബിക ലീപ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. കോളേജ് മാനേജർ പ്രൊഫ. എൻ. വി. അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഇന്റർവെൽ സഹ സ്ഥാപകനും സി. ഇ.ഒ.യുമായ റമീസ് അലി, റൈസ് സി. ഇ. ഒ. മുഹമ്മദ് യാസിർ എൻ. വി., മുൻ പ്രിൻസിപ്പാളും ടി. ബി. ഐ.യുടെ ഡയറക്ടർ ബോർഡംഗവുമായ ഡോ. പി. മുഹമ്മദ് ഇല്യാസ്, ഡോ. മുനീർ വി. കെ എന്നിവർ സംബന്ധിക്കും.
Leave a Reply