നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ്‌ പ്രചാരണം. നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്.

മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവരടക്കം നിലമ്പൂരിലുണ്ട്. വിവിധ ജില്ലകളിലെ എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവരും എം. സ്വരാജിനു വേണ്ടി സജീവമായി രംഗത്തുണ്ട്.

വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ ആര്യാടൻ ഷൗക്കത്തിനു വേണ്ടി റോഡ് ഷോ നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി യുഡിഎഫിലെ പ്രമുഖ നേതാക്കളും മണ്ഡലത്തില്‍ നിറഞ്ഞു നിൽക്കുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കള്‍ എൻഡിഎ സ്ഥാനാർഥിക്കായി നിലമ്പൂരില്‍ എത്തിയിരുന്നു. പി.വി. അൻവറിനായി തൃണമൂൽ കോൺഗ്രസ് എംപിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും റോഡ് ഷോയിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നുള്ള ‘തുറുപ്പ് ചീട്ട്’ സർക്കാർ ഇറക്കി. ഇതിനെതിരേ പ്രതിപക്ഷ മുന്നണിയിൽ നിന്നു വ്യാപക എതിർപ്പുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്തെ കൈക്കൂലിയാണ് ക്ഷേമ പെൻഷനെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വിവാദ പരാമർശത്തിന്‍റെ അലയൊലികൾ അടങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ പ്രിയങ്കഗാന്ധിയും ഈ പെൻഷൻ പോലും രാഷ്ട്രീയവത്കരിച്ചുവെന്നും പെൻഷൻ സമയത്ത് കൊടുക്കണമെന്നും തെരഞ്ഞെടുപ്പ് നോക്കിയാണ് പെൻഷൻ കൊടുക്കുന്നതെന്നും പറഞ്ഞിരുന്നു. 19ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം പെൻഷൻ നൽകുമെന്ന് ധനമന്ത്രി പറഞ്ഞത്. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പിടിച്ച് ഇനിയുള്ള രണ്ടു ദിവസം പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫ് ശ്രമം

Leave a Reply

Your email address will not be published.