🔸സർക്കാരിലേക്ക് എല്ലാം ഓൺലൈൻ ആണ്, തിരിച്ചെല്ലാം ഓഫ് ലൈനും
കോഴിക്കോട്: പ്രവാസികൾക്കായി സർക്കാർ രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ 60 വയസ്സ് കഴിഞ്ഞവർ പ്രവാസി ക്ഷേമനിധിയിലേക്ക് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുകയാണ്.
മാസംതോറും പ്രവാസി ക്ഷേമനിയിലേക്ക് പ്രവാസികൾ 350 രൂപയും കേരളത്തിലേക്ക് തിരിച്ചെത്തിയവർ മാസാന്തം 200 രൂപയും അംശാദായം അടച്ചു അഞ്ചു വർഷങ്ങൾക്ക് ശേഷം 60 വയസ്സ് കഴിഞ്ഞവർ പെൻഷൻ അപേക്ഷിക്കുമ്പോഴാണ് ഈ കാലതാമസം.
കോഴിക്കോട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലേക്ക് അംശാദായവും പെൻഷൻ അപേക്ഷയുമെല്ലാം സർക്കാർ ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും തിരിച്ച് സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ആ തരത്തിൽ ലഭിക്കുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
ജീവനക്കാരുടെ കുറവും അപേക്ഷകളുടെ ആധിക്യവുമാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് ഓഫീസിൽ നിന്നും കാരണം പറയുന്നത് . കഴിഞ്ഞ അഞ്ചുവർഷമായി കേരള പ്രവാസി ക്ഷേമനിധിയിലെ അംഗസംഖ്യ വർദ്ധിച്ച് ഇപ്പോൾ 8 ലക്ഷത്തിൽ പരം അംഗങ്ങൾ ഏകദേശം 20 കോടിയിൽപരം രൂപ മാസാന്തം അംശാദായമായി അടക്കുന്നുണ്ട്. ഇതിൽ നിലവിൽ അറുപതിനായിരത്തിൽ പരം അംഗങ്ങളാണ് പെൻഷൻ അർഹത നേടിയിട്ടുള്ളത്.
വിദേശ ഇന്ത്യക്കാർക്ക് നിലവിൽ 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിന് പുറത്ത് രാജ്യത്ത് തന്നെ ഉള്ളവർക്ക് 3000 രൂപയുമാണ് നിലവിൽ പെൻഷനായി നൽകിവരുന്നത്.
എന്നാൽ ഉദ്യോഗസ്ഥന്മാർ പറയുന്നത് അഞ്ചു വർഷങ്ങൾക്കു മുമ്പ് വളരെ കുറച്ചാളുകൾ ഉണ്ടായിരുന്ന സമയത്ത് ഉള്ള ഓഫീസ് സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവുമാണ് നിലവിലുള്ളത് എന്നാണ്. സംസ്ഥാനത്ത് ആകെ മുപ്പതോളം ജീവനക്കാരും ഏതാനും ഫോണുകളും മാത്രമാണ് ഈ വകുപ്പിന് ആയിട്ടുള്ളത് എന്നാണ് ജീവനക്കാർ പറയുന്നത്. മാത്രമല്ല പെൻഷൻകാർ വർദ്ധിച്ചതോടെ ഫണ്ട് കണ്ടെത്താനും വകുപ്പ് പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ് ഫണ്ടിന്റെ അഭാവമാണ് അപേക്ഷകൾ പിടിച്ചുവെക്കാൻ കാരണമെന്നും പറയപ്പെടുന്നുണ്ട്.
എന്തായാലും 60 വയസ്സ് കഴിഞ്ഞാൽ അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടച്ചവർക്ക് പെൻഷൻ നൽകൽ സർക്കാറിന്റെ ഉറപ്പാണ് ബാധ്യതയാണ്. ഇതുവച്ച് താമസിപ്പിച്ചു അഞ്ചും ആറും മാസം ഇവർക്ക് പെൻഷൻ വൈകിപ്പിക്കുന്നത് നീതിപരമല്ല.
ഹംസ എപി തിരൂർ
Leave a Reply