
കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ പാർട്ടി പ്രവാസി ഘടകമായ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി നൽകിവരുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അവർഡ് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. മികച്ച ജീവകാരുണ്യ സേവന പ്രവർത്തകർക്ക് സൗദി ഐ.എം.സി.സി നൽകിവരുന്ന അവാർഡ് സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന പ്രശസ്ത ആക്ടിവിസ്റ്റ് നർഗീസ് ബീഗത്തിനാണ്.
അരലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എല്ലാ വിഭാഗം ജനങ്ങളിൽനിന്നും ലഭിച്ച നിർദേശങ്ങൾ പരിശോധിച്ചാണ് ജഡ്ജിങ് പാനൽ അവാർഡിന്നർഹരായവരെ തെരഞ്ഞെടുത്തത്.
മതനിരപേക്ഷ പക്ഷത്തുനിന്നുകൊണ്ട് സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുകയും മന്ത്രി എന്ന നിലയിൽ കഴിവും പ്രാപ്തിയും തെളിയിച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പ്രയത്നിക്കുകയും ചെയ്ത പാലോളി മുഹമ്മദ് കുട്ടി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്ക് മാതൃകയാണെന്ന് പാനൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മലപ്പുറം കാരാട് സ്വദേശിനിയായ നർഗീസ് ബീഗം ജീവിത പ്രയാസങ്ങളിലുടെ കടന്നുവന്ന്, ആതുര സേവന മേഖലകളിലൂടെ സ്ത്രീകളുടെയും ആദിവാസികളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും കണ്ണീരൊപ്പാനും അവരെ കൈപിടിച്ചുയർത്താനും നിസ്വാർഥമായ പരിശ്രമങ്ങളിലേർപ്പെട്ട ആക്ടിവിസ്റ്റാണ്. നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്.
പോയ വർഷങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ, ഡോ. ജോൺ ബ്രിട്ടാസ്, ഗോപിനാഥ് മുതുകാട് എന്നിവർക്കാണ് സുലൈമാൻ സേട്ട് പുരസ്കാരങ്ങൾ ലഭിച്ചത്.
ഈ മാസം 27ന് കോഴിക്കോട് വെച്ച് നടക്കുന്ന സുലൈമാൻ സേട്ട് അനുസസ്മരണ സമ്മേളനത്തിൽ ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ അവാർഡുകൾ കൈമാറുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.
ജന.സെക്രട്ടറി
ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി
Leave a Reply