ചാലക്കുടി സൗത്തിൽ റെഡ് ചില്ലീസ് എന്ന പേരിൽ അനധികൃത സ്പാ നടത്തിപ്പുകാരൻ സ്പായിലെ മുൻജീവനക്കാരിയായ കൂടെ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്

രവിമേലൂർ

വിവാഹവാഗ്ദാനം നൽകി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആളൂർ : വിവാഹവാഗ്ദാനം നൽകി ഒന്നര വർഷമായി ഒപ്പം താമസിപ്പിക്കുകയും പലപ്പോഴും ശാരീരികമായി ആക്രമിക്കുകയും മാർച്ച് 20-ന് രാത്രി 10 മണിയോടെ വെള്ളാംഞ്ചിറയിലുള്ള വാടക വീട്ടിൽ വെച്ച് യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശി തത്തുപറ വീട്ടിൽ ശരത്ത് വിഷ്ണുവിനെ (34) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുൻപ് മക്കളെ കാണാനായി പോകുമ്പോൾ അവിടെയെത്തി ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവരികയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്ന പ്രതി, നിലവിൽ കുട്ടികളെ കാണാൻ പോലും യുവതിയെ അനുവദിച്ചിരുന്നില്ല. തന്നെ വിട്ടുപോയാൽ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയോടുള്ള സംശയത്തെത്തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.   സംഭവസ്ഥലം ഫോറൻസിക് എക്സ്പെർട്ട്, ഫിംഗർ പ്രിന്റ് എക്സ്പെർട്ട് എന്നിവർ പരിശോധിച്ചു. പ്രതിയെ സംഭവസ്ഥത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 

ശരത്ത് വിഷ്ണു പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കവർച്ച കേസിലും, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, ആളൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സുകളിലും, മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു പി ചെറിയാൻ, , ജി എസ് ഐ മാരായ ജെയ്സൺ, പ്രസന്നകുമാർ, ജി എ എസ് ഐ മിനിമോൾ, ജി എസ് സി പി ഒ മാരായ ജിബിൻ വർഗ്ഗീസ്, ലിജോ, സി പി ഒ മാരായ ഹരി കൃഷ്ണൻ, വിശാഖ്, സുജിത്ത്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.