ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിധേയവും ശാസ്ത്രീയവുമായ ചാന്ദ്രമാസക്കലണ്ടറായ ഹിജ്റ കലണ്ടർ അനുസരിച്ച് ഈ വർഷത്തെ ശഅ്ബാൻ മാസം ഫെബ്രുവരി 28 വെള്ളിയാഴ്ച പൂർത്തിയാകും . റമദാൻ വ്രതം മാർച് ഒന്ന് ശനിയാഴ്ച ആരംഭിച്ച് 29 ദിവസം പൂർത്തിയാക്കി മാർച് 29 ന് അവസാനിക്കും . മാർച് 30 ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്വ് ർ അഥവാ ചെറിയ പെരുന്നാൾ .

മലബാർ കടപ്പുറങ്ങളിൽ പ്രത്യേകിച്ച് കാപ്പാട് കടപ്പുറത്ത് സൂര്യാസ്തമയ ശേഷം പുതിയ ചാന്ദ്രമാസത്തിൻ്റെ പിറവി ‘കണ്ടു’ എന്ന പേരിൽ സ്ഥിരമായി റമദാൻ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്ന കേരളത്തിലെ ഖാദിമാരുടെയും പണ്ഡിതൻമാരുടെയും രീതി പ്രമാണവിരുദ്ധവും ശാസ്ത്ര വിരുദ്ധവും സൂക്ഷ്മതാരഹിതവുമാണ് . എറണാകുളം ജില്ല ഉൾപെടെ തെക്കൻ കേരളത്തിൽ എന്തുകൊണ്ട് ‘മാസപ്പിറവി’ കാണുന്നില്ലായെന്നത് ഇന്നും ദുരൂഹമായി അവശേഷിക്കുന്നു .

ഒരു ചാന്ദ്രമാസത്തിൻ്റെ ഒന്നാം തിയ്യതി സൂര്യാസ്തമയ ശേഷം മാത്രമാണ് പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രക്കല കാണാനുള്ള സാധ്യത പോലും നിലനിൽക്കുന്നുള്ളൂ . തൊട്ടുമുമ്പത്തെ മാസത്തിലെ അവസാനദിനങ്ങളിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രക്കല കാണുക എന്നത് തീർത്തും അസാധ്യമാണെന്നാണ് ഇതുവരെയുള്ള അനുഭവ സാക്ഷ്യവും പ്രപഞ്ച യാഥാർത്ഥ്യവും . അതുപോലെ സൂര്യാസ്തമയ ശേഷം കുറഞ്ഞത് 48 മിനിട്ടെങ്കിലും ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിൽ ഉണ്ടെങ്കിലേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയൂ . ഇതിന് വിരുദ്ധമായി ചക്രവാളത്തിൽ 48 മിനിറ്റിൽ കുറഞ്ഞ സാന്നിദ്ധ്യമുള്ള ചന്ദ്രനെ ‘കണ്ടു’ എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഖാദിമാരും പണ്ഡിതൻമാരും നോമ്പും പെരുന്നാളുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇത് പൊതുസമൂഹത്തിൻ്റെ ശാസ്ത്രബോധത്തെ പരിഹസിക്കലാണ് . കാപ്പാട് കടപ്പുറത്ത് സ്ഥിരമായി ‘പിറവി കാണുന്നത്’ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും ഖാദിമാരോ പണ്ഡിതൻമാരോ കേരളത്തിലെ വിവിധ സംഘടനകളുടെ നേതാക്കളോ പ്രവർത്തകരോ ആരും തന്നെ നേരിട്ട് പിറവി കണ്ടതായി അവകാശപ്പെട്ട് ഇതുവരെ രംഗത്ത് വന്നിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ മാധ്യമങ്ങൾക്ക് മുന്നിലോ ശാസ്ത്ര സമൂഹത്തിന് മുന്നിലോ ഹാജരാക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

ഈ വിഷയത്തെ കേവലം നോമ്പ് പെരുന്നാൾ പ്രശ്നമായിട്ടല്ല ഹിജ്റ കമ്മിറ്റി കാണുന്നത്. മറിച്ച് ശാസ്ത്രീയമായ ഒരു കലണ്ടർ സംവിധാനത്തെ , ഇല്ലാത്ത കടപ്പുറം കാഴ്ചകളിലൂടെ അട്ടിമറിക്കുന്നതിനെ തിരായ ബോധവൽക്കരണമാണ് ഹിജ്റ കമ്മിറ്റി വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ പരിശ്രമത്തിൽ മാധ്യമങ്ങളുടെയും ശാസ്ത്ര സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഗോളശാസ്ത്രം ഉൾപെടെ നിരവധി ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്ന വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും നോമ്പിന്റെയും പെരുന്നാളിന്റെയും ഉൾപെടെ തിയ്യതികൾ തീരുമാനിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുന്നതിന് ഒരിക്കലും എതിരല്ല. സൂര്യ ചന്ദ്രഗോളങ്ങളുടെ അനുസ്യൂതമായ ഒഴുക്കിൽ സ്വാഭാവികമായി സംഭവിക്കുന്ന കാലഗണനാ തിയ്യതികളെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന പണ്ഡിതൻമാരുടെയും നേതാക്കളുടെയും പരിഹാസ്യ ശ്രമങ്ങളെ പൊതു സമൂഹം തള്ളിക്കളയണം. ഡെറാഡൂൺ ആസ്ഥാനമായിട്ടുള്ള സർക്കാർ സ്ഥാപനമായ നാഷണൽ ഹൈഡ്രോഗ്രാഫിക്സ് ഓഫീസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കൽ അൽമനാക്ക് അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസ തിയ്യതികൾ ശാസ്ത്രീയമായ തിനാൽ സർക്കാർ കലണ്ടറുകളിലടക്കം പൊതു കലണ്ടറുകളിൽ ആ തിയ്യതികൾ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. ഫെബ്രുവരി 28
വെള്ളിയാഴ്ച ശഅ്ബാൻ 30 പൂർത്തിയാകും . ചാന്ദ്രമാസത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള ന്യൂമൂൺ അന്ന് സംഭവിക്കും .

ഈദുൽ ഫിത്വർ ദിനത്തിൽ .( മാർച്ച് 30 ) കേരളത്തിലുടനീളം ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
1) അഴീക്കോട് സൈനുദ്ദീൻ മൗലവി (ചെയർമാൻ , ഹിജ്റ കമ്മിറ്റി ഇന്ത്യ )
2) പി എസ് ഷംസുദ്ദീൻ ( ജനറൽ സെക്രട്ടറി)
3) എം ഇ അബ്ദുർഹ് മാൻ ( മുൻ സംസ്ഥാന പ്രസിഡണ്ട് )
4) അഡ്വ . ഷാനവാസ് ( ജില്ലാ കോ-ഓർഡിനേറ്റർ , തിരുവനന്തപുരം )
5) ഡോ . ദസ്തഗീർ ( ജില്ലാ കൺവീനർ , തിരുവനന്തപുരം )

Leave a Reply

Your email address will not be published.