കോഴിക്കോട് : മുനമ്പം വഖഫ് വിഷയത്തിൽ പാർട്ടി സ്വീകരിച്ച ആത്മാവഞ്ചനാപരമായ നിലപാടിന് മുസ്ലിം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് ഐ എൻ എൽ. മുനമ്പം കമ്മീഷൻ ഹിയറിങ്ങ് കഴിഞ്ഞദിവസം പൂർത്തിയായിട്ടും ലീഗ് കമ്മീഷൻ മുമ്പാകെ ഹാജരാവുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യാതെ മാറിനിന്നത് മുസ്‌ലിം സമൂഹം രോഷത്തോടെയാണ് കാണുന്നത്. തെക്കൻ ജില്ലകളിൽ നേതൃത്വത്തിന്റെ കാപട്യത്തിനെതിരെ നേതാക്കളും അണികളും പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ബാബരി മസ്ജിദ് വിഷയത്തിൽ തൊണ്ണൂറുളിൽ ലീഗ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധവും വഞ്ചനാപരവുമായ നിലപാടിൽ നിന്ന് ഒരടി മുന്നോട്ട് പോയാണ് മുനമ്പം വഖഫിനെ കയ്യേറ്റക്കാർക്കും റിസോർട്ട് – മദ്യ മാഫിയക്കും വിട്ടുകൊടുക്കാൻ ലീഗ് നേതൃത്വം രഹസ്യ ധാരണയിലെത്തിയത്.

രാഷ്ട്രീയവും സാമ്പത്തികവുമായ മുതലെടുപ്പ് മോഹിച്ചാണ് ചെറായി ബീച്ചിൽ തുടരുന്ന സമരാഭാസത്തിന് ലീഗ് മുൻകൂർ പിന്തുണ പതിച്ചു നൽകിയത്. വഖഫ് നിയമ ഭേദഗതിക്കായി മുന്നിൽ നിൽക്കുന്ന ആർ എസ് എസും ‘കാസ’ യുമായാണ് പാർട്ടിയുടെ കൂട്ടുകെട്ട്. സൗഹാർദത്തിൻ്റെ അപ്പോസ്തലന്മാരായി സ്വയം ചമഞ്ഞ്, മുസ്ലിം മത സാംസ്കാരിക സംഘടനകളെ തങ്ങളുടെ വരുതിയിൽ നിർത്തിയ ലീഗ് രാമചന്ദ്രൻ കമ്മീഷൻ മുമ്പാകെ ഹാജരാവാതിരുന്നത് തങ്ങളുടെ പൊയ്മുഖം തുറന്നുകാട്ടപ്പെടുമെന്ന ഭീതിയിലാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പോലും സംഘപരിവാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാർട്ടിയാണ്, കേരളത്തിലെ 90 ശതമാനം ന്യൂനപക്ഷ മത – രാഷ്ട്രീയ കൂട്ടായ്മകൾ മുനമ്പം ഭൂമിയുടെ കാര്യത്തിൽ വസ്തുനിഷ്ഠവും സത്യസന്ധവുമായ നിലപാടുമായി രംഗത്തുവന്നിട്ടും മൗനം പാലിക്കുന്നതെന്നും വഖഫ് ബോർഡിൻ്റെ നിലപാടിനെ പോലും തള്ളിക്കളയുന്നതന്നും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

Leave a Reply

Your email address will not be published.