തൃശൂര്‍: വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത-രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പൊതു താല്‍പ്പര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വംശീയതയുടെയും വിദ്വേഷത്തിന്റെയും വക്താക്കളായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണനും സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ്. സംഘപരിവാര വിദ്വേഷ പ്രചാരകരെ കയ്യാമം വെച്ച് തടവിലാക്കുന്നതിനു പകരം അവരെ കയറൂരി വിടുകയാണ് ഇടതു സര്‍ക്കാരും പോലീസും. ജാതിയും മതവും മാനദണ്ഡമാക്കി കുറ്റവും ശിക്ഷയും തീരുമാനിക്കുന്ന ഇടമായി ഇടതുഭരണത്തില്‍ സംസ്ഥാനം മാറിയിരിക്കുന്നു. ഉന്നത പോലീസുകാര്‍ സംഘപരിവാരത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുന്നതിന്റെ പരിണിത ഫലമാണ് ഈ വിദ്വേഷ പ്രചാരകരുടെ പരസ്യ പ്രതികരണങ്ങള്‍.
രാജ്യത്തെ പൊതുനന്മ ഉദ്ദേശിച്ച് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കുന്ന സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കള്‍. ഇതിന്റെ പ്രയോജനം രാജ്യത്തെ മുഴുവന്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കാണ്. 8.7 ലക്ഷം വഖഫുകളിലായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇന്ത്യയില്‍ വഖഫായുള്ളത്. ഒന്നേകാല്‍ ലക്ഷം കോടി ആസ്തി വരും ഇത്. രാജ്യത്ത് ഇന്ത്യന്‍ റെയില്‍വേ, പ്രതിരോധ മന്ത്രാലയം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂസ്വത്ത് വഖഫിന്റെ കൈവശമാണ്. പൊതുനന്മയും ജനക്ഷേമവും ഫാഷിസത്തിന് എപ്പോഴും അസഹനീയമാണ്. സമാധാനവും സൗഹാര്‍ദ്ദവും സമൂഹത്തില്‍ നിലനില്‍ക്കുന്നത് സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന നിയമനിര്‍മാണങ്ങളിലും നിയമഭേഗദതികളിലും വിദ്വേഷവും വംശീയതയും പ്രകടമാണ്. വഖഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്യാനും അന്യാധീപ്പെടുത്തുന്നതിനും ഭരണപരമായ സൗകര്യം ചെയ്തു കൊടുക്കലാണ് വഖഫ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും. മതേതര വല്‍ക്കരിക്കാനാണ് ഭേദഗതിയെന്ന വാദം പച്ചക്കള്ളമാണ്. നിലവിലെ നിയമവ്യവസ്ഥ പ്രകാരം പൊതുനന്മ ഉദ്ദേശിച്ച് ഇതര മത വിശ്വാസികള്‍ക്കും വഖഫ് ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം അഞ്ചു വര്‍ഷം ഇസ് ലാം മതം ആചരിച്ചവര്‍ക്കു മാത്രമേ വഖഫ് ചെയ്യാന്‍ കഴിയൂ. സംഘപരിവാരം വഖഫ് ബോര്‍ഡിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചാണ് വാചാലരാവുന്നത്. ഇന്ത്യയില്‍ തമിഴ്‌നാട്, ജമ്മുകശ്മീര്‍, പഞ്ചാബ് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ വഖഫ് ബോര്‍ഡില്‍ വനിതാ ചെയര്‍പേഴ്‌സനുകള്‍ ഉണ്ടായിട്ടുണ്ട്. കേരളാ വഖഫ് ബോര്‍ഡില്‍ നിലവില്‍ വനിതാ അംഗമുണ്ട്. പുതിയ ബില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ തല്‍പ്പര കക്ഷികള്‍ക്ക് കൈയേറ്റത്തിന് അവസരമൊരുക്കുമെന്നതാണെന്ന് അനുദിനം ബോധ്യമായി വരികയാണ്. ഭരണകൂട പിന്തുണയോടെ കോടികളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള സംഘപരിവാര താല്‍പ്പര്യം തിരിച്ചറിഞ്ഞ് നന്മയുടെയും നീതിയുടെയും പക്ഷത്ത് നില്‍ക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വടക്കൂട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിങ് ഇ എം ലത്തീഫ് സംബന്ധിച്ചു.

Leave a Reply