പോൾ- സബിത ദമ്പതികൾക്ക് ആശ്വസിക്കാം; സംരംഭം പുനരാരംഭിക്കാൻ വഴിയൊരുക്കി തദ്ദേശ അദാലത്ത്

ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി വേളൂക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്ത്പറമ്പിൽ കെ.എൽ പോൾ, സബിത ദമ്പതികളുടെ പരാതിക്ക് പരിഹാരമേകി തദ്ദേശ അദാലത്ത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ടിഷ്യൂ പേപ്പർ നിർമ്മാണ യൂണിറ്റ് 2018 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. യൂണിറ്റ് പുനരാരംഭിക്കാനുള്ള വഴി തേടിയാണ് തദ്ദേശ അദാലത്തിൽ എത്തിയത്.
പരാതി പരിഗണിച്ച മന്ത്രി എം.ബി. രാജേഷ് വ്യവസായ വകുപ്പിൽ നിന്നുള്ള സബ്സിഡിയും ഇൻഷുറൻസും ലഭ്യമാക്കുന്നതിനും യൂണിറ്റ് പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

മേലൂർ പഞ്ചായത്തിൽ നടത്തിവന്ന സ്ഥാപനം വേളൂക്കരയിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്നതിന് ഓണർഷിപ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് വായ്പ ലഭിക്കുന്നതിനും യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതും വൈകാൻ ഇടയാക്കിയത്. ഇതിനിടെ പോൾ അസുഖ ബാധിതനുമായി.
2018ലെ പ്രളയത്തിൽ കിട്ടേണ്ട ഇൻഷുറൻസ് തുകയും ലഭിച്ചില്ല. ഇതിനെ തുടർന്ന് കുടുംബം വൻ സാമ്പത്തിക ബാധ്യതയിലായി.

അദാലത്തിൽ പരാതി പരിഗണിച്ചപ്പോൾ തന്നെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണം വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. വ്യവസായ വകുപ്പിൽ നിന്നും ലഭിക്കാനുള്ള ഇൻവെസ്റ്റ്മെന്റ് സബ്സിഡി കാലതാമസം മാപ്പാക്കി കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് വ്യവസായ വകുപ്പ് മന്ത്രിയും സെക്രട്ടറിയും അറിയിച്ചതായി മന്ത്രി പറഞ്ഞു. യൂണിറ്റ് പുനരാരംഭിക്കുന്നതിന് ഈ സബ്‌സിഡി സഹായകരമാകും.

അതോടൊപ്പം നിലവിൽ യാതൊരു ചികിത്സ ആനുകൂല്യങ്ങളും ലഭിക്കാത്ത പോളിന് കാരുണ്യ ബെനവലന്റ് ഫണ്ട് ഗുണഭോക്താവായി ഉൾപ്പെടുത്തി ചികിത്സ നൽകുന്നതിനും തദ്ദേശ അദാലത്ത് വേദിയിൽ തീരുമാനമായി. വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അപേക്ഷ ലഭിച്ചാൽ ഉടൻ ഗുണഭോക്താവായി ചേർക്കാമെന്നും അതുവഴി 2 ലക്ഷം രൂപ വരെയുള്ള ചികിത്സ സഹായം നൽകുമെന്നും ഉറപ്പുവരുത്തി.

അദാലത്തിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ഇൻഷുറൻസ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടറേയും ചുമതലപ്പെടുത്തി. ഏറെനാളായി നേരിടുന്ന പ്രശ്നത്തിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ദമ്പതികൾ മടങ്ങിയത്.

Leave a Reply

Your email address will not be published.