പലസ്തീൻ: ചരിത്രത്തിനും രാഷ്ട്രീയത്തിനും മതരാഷ്ട്ര സങ്കല്പങ്ങൾക്കും അപ്പുറം നഗ്നമായ മനുഷ്യാവകാശ ലംഘനം!
ദിപിൻ ജയദീപ്
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് തീർച്ചയായും പക്ഷം പിടിക്കാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. എന്നാൽ, അതിനുള്ള മാനദണ്ഡം എന്താണ്?

ഒരു യഹൂദ ഭൂരിപക്ഷ രാഷ്ട്രവും ഒരു ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രവും തമ്മിലുള്ള പോരാട്ടത്തിൽ പക്ഷം പിടിക്കുന്ന മനുഷ്യർക്ക് തീർച്ചയായും മതം ഒരു വിഷയമാണ്. അന്ധമായ പിന്തുണകൾക്ക് പിന്നിൽ മതവികാരം ഉണ്ട്. നല്ലൊരു ശതമാനം മനുഷ്യരും അതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു രാജ്യങ്ങളുടെ പക്ഷത്തും നിലയുറപ്പിക്കുന്നത്.
മറ്റു ചിലരുടെ പിന്തുണ പ്രിവിലേജ് ഉള്ള ഒരു രാഷ്ട്രവും നിലനിൽപ്പിനു വേണ്ടി പോരാടുന്ന ഒരു ജനതയും തമ്മിലുള്ള പോരാട്ടം എന്ന രീതിയിൽ പരിഗണിച്ച് കൊണ്ട് ഇടത്- വലത് രാഷ്ട്രീയപക്ഷത്ത് നിലയുറപ്പിച്ചു കൊണ്ടാണ്. ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകളും വ്യക്തികളും ഇസ്രായേലിനെതിരായി നിലകൊള്ളുവാനും പലസ്തീന് പിന്തുണ കൊടുക്കുവാനും കാരണം ഇതാണ്. അതേസമയം വലതുപക്ഷ സ്വഭാവമുള്ളവർക്ക് നിരുപാധികം ഇസ്രായേലിനൊപ്പം നിൽക്കാനാണ് സാധിക്കുക.
ഇനി മൂന്നാമത്തെ ഒരു വിഭാഗം ഉണ്ട്. രാജ്യങ്ങളെയും രാജ്യ അതിർത്തികളെയും പരിഗണിക്കാതെ, മതവും നിറവും ഭാഷയും നോക്കാതെ മരിച്ചുവീഴുന്ന മനുഷ്യരെ മാത്രം കാണുന്നവർ. സ്വന്തം വീടും ജനിച്ചുവളർന്ന മണ്ണും വിട്ട് എവിടേക്ക് എന്ന് പോലും അറിയാതെ വൃദ്ധന്മാരെയും കുഞ്ഞുങ്ങളെയും ഒക്കെ ചേർത്തുപിടിച്ചുകൊണ്ട് പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യരെ മാത്രം കാണുന്നവർ.
യഥാർത്ഥത്തിൽ ഇതിൽ ഏത് തരത്തിലാണ് നമ്മൾ പലസ്തീൻ ഇസ്രായേൽ വിഷയത്തെ പരിഗണിക്കേണ്ടത് എന്ന് ചോദിച്ചാൽ ആധുനിക മനുഷ്യൻ പരിഗണിക്കേണ്ടത് മൂന്നാമത്തെ തരത്തിലാണ് എന്ന് ഞാൻ പറയും. കാരണം ജീവിക്കാനുള്ള അവകാശത്തിനപ്പുറം മറ്റെന്തിനാണ് പരിഗണന കൊടുക്കേണ്ടത്?
സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന മനുഷ്യർക്ക് മറ്റ് എന്തൊക്കെ നേടിയാലും എന്ത് പ്രയോജനം? മരണം കൊണ്ട് പരലോകത്ത് മോക്ഷ പ്രാപ്തിയും സ്വർഗ്ഗീയ സുഖങ്ങളും ലഭിക്കും എന്ന് കരുതിയാൽ പോലും ഇഹലോകത്ത് അനുഭവിക്കേണ്ടിവരുന്ന പാരതന്ത്ര്യവും അകാല മരണവും തന്നെയാണ് മനുഷ്യന് അനുഭവിക്കേണ്ടി വരുന്നതിൽ ഏറ്റവും ദുസ്സഹമായ നരകം.

1947-ലെ ഫലസ്തീനിനായുള്ള ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതി 1948-ലെ പലസ്തീൻ യുദ്ധത്തിന് തുടക്കമിട്ടത് മുതൽ 76 വർഷമായി തുടർന്നുവരുന്ന ഒന്നാണ് ഇപ്പോഴത്തെ യുദ്ധം. എട്ടു പതിറ്റാണ്ടോളം ആയി പലസ്തീൻ മണ്ണിൽ മരിച്ചുവീണ കുട്ടികളുടെ എണ്ണം എടുത്താൽ 2021-ലെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ 2,171 ഫലസ്തീൻ കുട്ടികൾ ഇസ്രായേൽ സൈന്യത്താൽ കൊല്ലപ്പെട്ടു എന്ന് ആണ് ഔദ്യോഗികമായി പറയുന്ന കണക്ക്. കൂടാതെ 139 ഇസ്രായേലി കുട്ടികളും പലസ്തീൻ സൈന്യത്താൽ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെ 21,000 കുട്ടികളെ വരെ ഗാസ മുനമ്പിൽ നിന്ന് കാണാതായിട്ടുണ്ടെന്ന് ‘സേവ് ദി ചിൽഡ്രൻ’ എന്ന സംഘടനയുടെ കണക്കുകൾ പറയുന്നു.
ഇസ്രായേൽ ആക്രമണങ്ങളിൽ കുട്ടികളും കൗമാരപ്രായക്കാരും കൊല്ലപ്പെടുമ്പോൾ പലസ്തീനിലെ തീവ്ര സംഘടനകൾ ചാവേറാക്കാൻ പോലും കുട്ടികളെ ഉപയോഗിച്ചിരുന്നു. രണ്ടായാലും കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലാണ് ഈ യുദ്ധം കടന്നു കയറിയത്. ഭൂമിയിൽ എത്രയോ വർഷം ജീവിച്ചിരിക്കാൻ അവകാശം ഉള്ള ഈ കുട്ടികൾ ആർക്കുവേണ്ടിയാണ് ജീവൻ കളഞ്ഞത്? എന്തിനുവേണ്ടിയാണ് അവരുടെ ജീവനെടുത്തത്? സ്വന്തം നാട്ടിലെ ഒരു തലമുറയെ തന്നെ ഇല്ലാതാക്കിക്കൊണ്ട് എന്ത് നേടാനാണ് ഇവരുടെ ശ്രമം?
മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ഒക്കെ കണക്കുകൾ നിരത്തി വയ്ക്കുന്നതല്ലാതെ കാര്യക്ഷമമായി യുദ്ധം ഒഴിവാക്കാൻ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. സമാധാന ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ യുദ്ധം ചെയ്യുന്ന കൈകൾ ബന്ധിച്ചുവയ്ക്കുക എന്നതാണ് അടുത്ത മാർഗ്ഗം. അല്ലെങ്കിൽ അത് സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിയാനുള്ള ശേഷി ലോകത്തെ സമാധാനപരമായി പരിപാലിക്കാൻ വേണ്ടി എന്ന പേരിൽ രൂപംകൊണ്ട സംഘടനകൾക്ക് ഉണ്ടാവേണ്ടതായിരുന്നു.
മണ്ണിനും പെണ്ണിനും മതത്തിനും വേണ്ടി നടത്തിയ യുദ്ധങ്ങളുടെ എണ്ണിയാൽ ഒടുങ്ങാത്ത കഥകൾ നമ്മുടെ ചരിത്ര താളുകളിൽ കിടപ്പുണ്ട്. യുദ്ധമില്ലാത്ത ഭൂമി എന്ന് പേരുള്ള ‘ അയോദ്ധ്യ’ യിൽ പോലും മണ്ണിന്റെ അവകാശം പറഞ്ഞു യുദ്ധം നടന്നു, ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. ആയിരിക്കണക്കിന് മനുഷ്യർ ആലംബഹീനരായി. എന്നിട്ട് എന്ത് നേടി? കാരണം എന്ത് തന്നെ ആയാലും ആധുനിക മനുഷ്യർ യുദ്ധത്തിൽ ഏർപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ല.
തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി രാജാവായ താൻ സംരക്ഷിക്കേണ്ട കുഞ്ഞുങ്ങളെ ഒന്നടങ്കം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്ത മകനായ കംസനേയും ഹെരാദോവിനെയും ഒക്കെ മതപുസ്തകങ്ങളിൽ കാണാം. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ ശിശുക്കളുടെ കൂട്ടകുരുതി നടന്നത് ഹിറ്റ്ലറുടെ നേതൃത്വത്തിൽ അരങ്ങേറിയ നാസികളുടെ യുദ്ധത്തിലാണ്. പതിനഞ്ച് ലക്ഷത്തിലധികം കുഞ്ഞുങ്ങളെയാണ് അവർ ക്രൂരമായി കൊന്നൊടുക്കിയത്.
ഇതു കൂടാതെ യുദ്ധത്തിലും നിരന്തര പീഡനങ്ങളിലും നിരവധി കുട്ടികൾ അഭയാർത്ഥികളായി. ചരിത്രത്തിൽ ക്രൂരമായ യുദ്ധങ്ങൾ നടത്തിയവർ തന്നെ ചരിത്രം രചിക്കുമ്പോൾ മരണങ്ങളുടെ കൃത്യമായ എണ്ണം സ്ഥാപിക്കാൻ കഴിയില്ല. കുട്ടികളുടെയും യുവാക്കളുടെയും മരണം ഹോളോകോസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അദ്ധ്യായമായി മാറിയത് പോലെ പലസ്തീനിൽ മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായി മാറുകയാണ് ഇപ്പോഴും തുടരുന്ന യുദ്ധം.
പക്ഷങ്ങളിൽ ചേക്കേറാൻ എളുപ്പമാണ്, അതിൽ അല്ല കാര്യം, നമുക്ക് കാണേണ്ടത് യുദ്ധഭൂമിയിൽ ജീവൻ പൊലിയുന്ന കുഞ്ഞുങ്ങളെയും ജനിച്ചു വളർന്ന മണ്ണിൽ നിന്ന് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരെയും മാത്രമാണ്! അത് കാണാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ഉള്ളിൽ മനുഷ്യത്വമുണ്ടോ എന്ന് സംശയിക്കേണ്ടി വരും.

Leave a Reply