
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി.സതീശൻ
മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാലുടൻ പിണറായി സർക്കാർ അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം തിരിച്ച് നൽകുമെന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിലബസിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി.
ജനങ്ങളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ട് 914 ദിവസങ്ങളായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ കേരള മദ്യനിരോധന സമിതി നടത്തി വന്നിരുന്ന സത്യാഗ്രഹം സമാപിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം വ്യാപിപ്പിക്കുന്ന ഒരു നടപടിയും യു.ഡി.എഫ് സർക്കാരിൽ നിന്നുണ്ടാവില്ല. മദ്യനിരോധന സമിതിയുടെ കൂടി അഭിപ്രായം പരിഗണിച്ചു കൊണ്ടുള്ള ഒരു മദ്യനയമായിക്കും യു.ഡി.എഫ് സർക്കാർ സ്വീകരിക്കുക. കേരളത്തിൽ ഇപ്പോൾ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം പാരമ്യത്തിൽ എത്തിയിരിക്കുകയാണ്.
എല്ലായിടത്തും ബാറുകളാണ്.
മാളുകളിലും മദ്യം വിൽക്കുന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ സർക്കാരിൻ്റെ ആലോചന. മദ്യത്തിന്റെ സ്വാധീനത്തിൽ നിന്ന് വരും തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്ക് കഴിയണം.
2008 ൽ 953 ദിവസം മദ്യ നിരോധനസമിതി നടത്തിയ സമരത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ കൈക്കൊണ്ടതു പോലുള്ള നടപടികൾ വരുന്ന യു.ഡി.എഫ് സർക്കാരും സ്വീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എൽ.എ, ഡോ.ഹുസൈൻ മടവൂർ, സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻ സെൻ്റ് മാളിയേക്കൽ, ഡോ.പി.വി.രാജഗോപാൽ, പ്രൊഫ.ടി.എം.രവീന്ദ്രൻ, മജീദ് മാടമ്പാട്ട്, പ്രൊഫ.ഒ.ജെ.ചിന്നമ്മ, മാത്യൂസ് വട്ടയാനിക്കൽ കോർ എപ്പീസ്കോപ്പ, മനാഫ്, ടി.അമീന, ഖദീജ നർഗീസ്, ഇയ്യച്ചേരി പത്മിനി, ബി.ആർ.കൈമൾ കരുമാടി, യു.കെ.മാസ്റ്റർ, സലിം എടക്കര, ജമാൽ കരുളായി, ഡോ.കാസിമുൽ കാസിമി, ഷാക്കിർ മോങ്ങം, ആമിന സലാം, ഗ്രോ വാസു എന്നിവർ സംസാരിച്ചു.
Leave a Reply