കുറ്റിപ്പുറം സ്വദേശി ഹൈക്കോടതിയിൽ
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാൻ മന്ത്രി മാതൃവന്ദന യോജന (PMMVY) പദ്ധതി പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്ന സാമ്പത്തിക ആനുകൂല്യം വാക്സിനേഷൻ എടുക്കാത്തതിന്റെ പേരിൽ നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. കുറ്റിപ്പുറം സ്വദേശി അഹമ്മദ് ജുനൈദ് പി.എസ് ആണ് ഹൈക്കോടതിയെ സമീപിച്ചത് (W.P. (C) No. 1737 / 2026).
തന്റെ രണ്ടാമത്തെ പെൺകുട്ടിക്ക് ലഭിക്കേണ്ട 6,000 രൂപയുടെ പോഷകാഹാര സഹായ പദ്ധതിയുടെ ആനുകൂല്യമാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഐ.സി.ഡി.എസ് (ICDS) ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുന്നത്. 14 ആഴ്ചയിലെ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ആനുകൂല്യം അനുവദിക്കൂ എന്ന നിലപാടിലാണ് അധികൃതർ.
വാക്സിനേഷൻ എടുക്കുക എന്നത് വ്യക്തിയുടെ സ്വയംനിർണ്ണയാവകാശമാണെന്നും അത് എടുക്കാത്തതിന്റെ പേരിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷൻ എടുക്കാൻ ആരെയും നേരിട്ടോ അല്ലാതെയോ നിർബന്ധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ ‘ഡോ. ജേക്കബ് പുലിയേൽ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ (2022) കേസിലെ വിധി നിലനിൽക്കെയാണ് അധികൃതരുടെ ഈ നടപടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ശാരീരികമായ സ്വയംനിർണ്ണയാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണിതെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഹർജിയിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം, കേരള സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയിട്ടുണ്ട്. ഡിഫക്റ്റുകൾ പരിഹരിച്ച ഹർജി വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.
ഹർജിക്കാരൻ നേരിട്ടാണ് (Petitioner-in-person) കോടതിയിൽ ഹാജരാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
അഹമ്മദ് ജുനൈദ് പി.എസ്
ഫോൺ: 9446587988
സ്ഥലം: കുറ്റിപ്പുറം, മലപ്പുറം ജില്ല.
Leave a Reply