ജില്ലയിലെ ബാങ്കുകളില്‍ സെപ്റ്റംബര്‍ പാദത്തില്‍ 46607.02 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ഇത് 45254.60 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 64.80 ശതമാനമാണ്. നിക്ഷേപ- വായ്പ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നിക്ഷേപ – വായ്പ അനുപാതം : കെ.ജി.ബി (84.83 ശതമാനം), കാനറാ ബാങ്ക് (78.52 ശതമാനം), എസ്.ബി.ഐ (47.60 ശതമാനം), ഫെഡറല്‍ ബാങ്ക് ( 30.51 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (39.20 ശതമാനം) എന്നിങ്ങനെയാണ്.

ജില്ലയിലെ മൊത്തം വായ്പകള്‍ 30203.60 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 1327.64 കോടി രൂപയുടെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ പാദത്തില്‍ 28875.96 കോടിയായിരുന്നു വായ്പ. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ പാദത്തിലെ മലപ്പുറം ജില്ലയുടെ മുന്‍ഗണന മേഖലയുടെ നേട്ടം 54 ശതമാനമാണ്. 20070 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 10775 കോടി രൂപയുടെ വായ്പകള്‍ നല്‍കി.

ദ്വിതീയ മേഖലയില്‍ 63 ശതമാനമാണ് നേട്ടം. 4900 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 3085 കോടി രൂപയുടെ വായ്പകള്‍ നല്‍കി. തൃതീയ മേഖലയില്‍ 19 ശതമാനമാണ്. 1870 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 349 കോടി രൂപയുടെ വായ്പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള കാര്‍ഷിക മേഖലയിലെ നേട്ടം 55 ശതമാനമാണ്. 7342 കോടി രൂപയുടെ വായ്പ നല്‍കാനായതായി യോഗം വിലയിരുത്തി. സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയില്‍ ഉള്ളവരുമായ സാധാരണക്കാരെ ഉദേശിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എ.പി.വൈ, പി.എം.ജെ.ഡി.വൈ എന്നീ പദ്ധതികള്‍ പരമാവധി ഉപഭോക്താക്കളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് യോഗം പറഞ്ഞു.

മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാ ബാങ്കിങ് അവലോകനയോഗം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വായ്പ- നിക്ഷേപ അനുപാതം മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഉപഭോക്താകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കണം. കവളപ്പാറ ദുരിതബാധിതരുടെ വായ്പകള്‍ തള്ളി കളയുന്നതിനാവിശ്യമായ നടപടികള്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള നബാര്‍ഡ് വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. മലപ്പുറം എല്‍ഡിഎം എം.വി. അഞ്ജനദേവ്, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ വി.എസ്. അഖില്‍, കനറാ ബാങ്ക് റീജിയണല്‍ ഹെഡ് പുലി സായ് കൃഷ്ണ, മലപ്പുറം നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസ്, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.