തിരുവനന്തപുരം കൊമ്പൻസ് എഫ്സി 1 – 1 മലപ്പുറം എഫ്സി

തിരുവനന്തപുരം: കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയ നിർണായക പോരാട്ടം സമനിലയിൽ. സെമി ഉറപ്പിക്കാൻ മൂന്ന് പോയൻറ് വേണ്ടിടത്ത് ഒരു പോയൻറോടെയാണ് എംഎഫ്സിയുടെ മടക്കം. മലപ്പുറത്തിനായി എൽഫോർസിയും കൊമ്പൻസിനായി പൗലോ വിക്ടറും ഗോൾ നേടി. മലപ്പുറത്തിന് സെമിയിലെത്തണമെങ്കിൽ ഡിസംബർ 4ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന അവസാന ഹോം മത്സരത്തിൽ ജയിക്കണം. കൊമ്പൻസ് ഇന്നത്തെ സമനിലയോടെ സെമിഫൈനൽ ഉറപിച്ചു.

സ്റ്റാർട്ടിംഗ് ലൈനപിൽ ഇത്തവണ കൊമ്പൻസിനെതിരെയും മുഴുവൻ മലയാളി താരങ്ങളാണ് പ്രതിരോധത്തിൽ അണിനിരന്നത്. ഗോൾകീപ്പറായി മുഹമ്മദ് ജെസീനും പ്രതിരോധ നിരയിൽ ഹക്കു, അഖിൽ പ്രവീൺ, സഞ്ജു,ടോണി എന്നിവരും മധ്യനിരയിൽ ഫസ്‌ലു, ബദ്ർ,ഐറ്റർ,റിഷാദ് മുന്നേറ്റത്തിൽ ഫോർസി, കെന്നഡി എന്നിവരെ അണിനിരത്തി 4-4-2 ഫോർമേഷനിലാണ് മലപ്പുറം കളത്തിലിറങ്ങിയത്.

തലസ്ഥാനത്ത് രണ്ടു ടീമുകളുടെയും മുന്നേറ്റങ്ങളോടെയാണ് കളിയാരംഭിച്ചത്. ഫോർസിയും കെന്നഡിയും റിഷാദുമടങ്ങുന്ന മുന്നേറ്റം കൊമ്പൻസിൻറെ ബോക്സിൽ നിരന്തരം ഭീഷണി ഉണ്ടാക്കിയിരുന്നു. പതിനൊന്നാം മിനിറ്റിൽ റിഷാദിൻറെ ഒറ്റയാൾ മുന്നേറ്റം ഗോളാകുമെന്ന് തോന്നിച്ചെങ്കിലും കിക്ക് പുറത്തേക്കാണ് പോയത്. പതിമൂന്നാം മിനിറ്റിൽ ഫോർസിയെ ഫൗൾ ചെയ്തതിന് ഐറ്റർ എടുത്ത ഫ്രീ- കിക്ക് പോസ്റ്റിനോട് ചാരി പുറത്തേക്ക് പോയി.പിന്നീട് 17-ാം മിനിറ്റിൽ ഫോർസി പോസ്റ്റിലേക്ക് തൊടുത്ത് വിട്ട വോളി കൊമ്പൻസ് കീപ്പർ ബോർഡലോയിയെ മറികടന്ന് ഗോളായി മാറി. തുടർന്ന് കൊമ്പൻസ് കൗണ്ടർ അറ്റാക്കിലൂടെ ഒരു ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും മലപ്പുറത്തിൻറെ പ്രതിരോധം മറികടക്കാൻ കഴിഞ്ഞില്ല.28-ാം മിനിറ്റിൽ കെന്നഡിക്ക് മികച്ചൊരവസരം ലഭിച്ചെങ്കിലും കൊമ്പൻസ് കീപ്പർ തടുത്തിട്ടു. തുടർന്നും അക്രമിച്ച് കളിച്ച മലപ്പുറം കൊമ്പൻസ് ബോക്സിൽ ഭീഷണിയുണ്ടാക്കികൊണ്ടിരുന്നു. ആദ്യപകുതിയിൽ മലപ്പുറം ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫോർസി നൽകിയ ത്രൂ ബോളിൽ തുറന്നൊരവസരം ലഭിച്ചെങ്കിലും കൊമ്പൻസ് കീപർ അപകടമൊഴിവാക്കി. 49ാം മിനിറ്റിൽ പൗലോ വിക്‌ടറിലൂടെ കൊമ്പൻസ് ഗോൾ മടക്കി. ശേഷം ഫസ്‌ലു റഹ്‌മാന് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. 65ാം മിനിറ്റിൽ ക്യാപ്റ്റൻ ഫസ്‌ലുവിൻറെ ലോംഗ് റേഞ്ചർ കീപ്പർ സേവ് ചെയ്തു. എഴുപതാം മിനിറ്റിൽ എംഎഫ്സി വിംഗർ റിഷാദിന് പകരക്കാരനായി റിസ്‌വാൻ കളത്തിലിറങ്ങി. 84 ാം മിനിറ്റിൽ കെന്നഡി, ഹക്കു എന്നിവർക്ക് പകരക്കാരായി റോയ് കൃഷ്ണ, നിതിൻ മധു എന്നിവരിറങ്ങി. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി രണ്ട് ടീമുകളും കിണഞ്ഞ്ശ ശ്രമിചെങ്കിലും ലീഡ് കഴിഞ്ഞില്ല. മത്സരം1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.