

കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിലേക്ക്.
പുതുക്കാട് : ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഈ കേസ്സിലെ പ്രതികളായ തിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് 40 വയസ്, ചെവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് 34 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിൽ ഹാജരാക്കും.
അജിത്ത് ഉമ്മർ ഫറൂഖിന്റെയടുത്ത് പണയം വെച്ച കാർ ഇയാൾ മറ്റുള്ളവർക്ക് ഓടിക്കാൻ നൽകിയിരുന്നു. ഇത് അജിത്ത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കാർ തിരികെ തരാമെന്ന് പറഞ്ഞ് പ്രതികൾ അജിത്തിനെ 2025 നവംബർ 12-ന് രാത്രി ആമ്പല്ലൂരിലേക്ക് വിളിച്ചുവരുത്തി. അജിത്ത് തന്റെ ഓട്ടോറിക്ഷയിൽ ആമ്പല്ലൂരിൽ എത്തിയ സമയം ഉമ്മർ ഫറൂഖും ഷഫീക്കും അജിത്തിനടുത്തേക്ക് വരികയും കുറച്ചുദൂരം കിഴക്കോട്ട് പോയാൽ കാർ തരാമെന്ന് പറഞ്ഞ് ഷഫീക്ക് അജിത്തിന്റെ ഓട്ടോയിൽ കയറി. ഓട്ടോറിക്ഷയിൽ കിഴക്കോട്ട് പോയിക്കൊണ്ടിരിക്കെ രാത്രി 10:10-ഓടെ വെണ്ടൂർ എന്ന സ്ഥലത്ത് വെച്ച് ഷഫീക്ക് അജിത്തിനെ കഴുത്തിൽ പിടിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി അജിത്ത് സമീപത്തെ ടെസ്ല ക്ലിനിക്കിലേക്ക് ഓടിക്കയറിയ സമയം, പ്രതികൾ ഓട്ടോറിക്ഷ കവർച്ച ചെയ്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ഷഫീക്ക് ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലെ പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ പ്രദീപ്. എൻ, ജി എ എസ് ഐ സുഭാഷ് ലാൽ, ഡ്രൈവർ എ എസ് ഐ ആന്റോ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply