പെരിന്തൽമണ്ണ: കാദറലി ക്ലബ്ബിന് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം പെരിന്തൽമണ്ണ നഗരസഭ അനുവദിച്ചില്ല. പെരിന്തൽമണ്ണയിലെ തന്നെ പ്രീമിയർ ക്ലബ്ബിന് ഡിസംബറിൽ ഫുട്ബോൾ ടൂർണമെൻ്റ് നടത്താൻ സ്റ്റേഡിയം വിട്ടു നൽകാനും തീരുമാനിച്ചതായി ചെയർമാൻ പി ഷാജി പറഞ്ഞു. ഇരുക്ലബ്ബ് പ്രവർത്തകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്റ്റേഡിയത്തിൽ ടൂർണ്ണമെന്റ് നടത്തുന്നതിന് നഗരസഭയുടെ അനുമതി വേണമെന്നിരിക്കെ കൗൺസിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ഒരുക്കങ്ങൾ നടത്തിയത് കാദറലി ക്ലബിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ചെയർമാൻ ആരോപിച്ചു. ഒരേ സമയത്ത് രണ്ടു ക്ലബ്ബുകൾ നെഹ്‌റു സ്റ്റേഡിയം ആവശ്യപ്പെട്ട് അനുമതി തേടുന്ന പക്ഷം, കൗൺസിൽ തീരുമാനത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്ന് കൗൺസിലർ കൂടിയായ പച്ചീരി ഫാറൂഖിന് അറിയാവുന്നതാണ്. എന്നിട്ടും നഗരസഭാ ചെയർപേഴ്സനെ പഴിചാരുന്നത് അപലപനീയമാണ്. രണ്ട് വർഷം മുൻപും ക്ലബ്ബുകൾ തമ്മിൽ ഇത്തരം അപേക്ഷകൾ സമർപ്പിക്കുകയും എല്ലാവരുടെയും സമ്മതത്തോടെ തീരുമാനം കൈകൊള്ളുകയുമാണ് നഗരസഭ ചെയ്തത്. കഴിഞ്ഞ തവണ വരെ പ്രസ്തുത തീരുമാനം നിലനിന്നിരുന്നു. വീണ്ടും ഇതെ വിഷയം ഉയർന്നു വന്ന പശ്ചാതലത്തിൽ നഗരസഭാ കൗൺസിൽ ഇരു ക്ലബുകളുമായി ചർച്ച നടത്തി സമവായത്തിലെത്താനും പരിഹാരം കാണാനുമാണ് ശ്രമിച്ചിട്ടുള്ളത്.
ലക്ഷകണക്കിന് ആളുകൾ ടൂർണമെന്റ് കാണാൻ എത്തുന്നതാണെന്നും അതിനുള്ള അവസരം ഇത്തരം തർക്കത്തിലൂടെ ജനങ്ങൾക്ക് നഷ്ടപ്പെടാൻ പാടില്ലെന്നുമാണ് നഗരസഭയുടെ സമീപനം. അത്കൊണ്ട് തന്നെ അഖിലേന്ത്യ ടീമുകളെ നൽകുന്ന സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ ഇത്തവണ അംഗീകാരം നൽകിയത് പ്രീമിയർ ക്ലബിന് ആദ്യം കളി നടത്താനും രണ്ടാമത് കാദറലി ക്ലബ് നടത്താനുമാണ്. ഇതാണ് നഗരസഭയും ആവശ്യപ്പെട്ടത്. ഇരു ക്ലബ്ബുകളോടും നഗരസഭക്ക് പ്രത്യേക വിരോധമോ വിധേയത്വമോ ഇല്ല. ഇന്നലെ നടന്ന ചർച്ചയിൽ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും കാദറലി ക്ലബ് ഇപ്പോൾ നടത്തുന്ന ആരോപണ വിവാദങ്ങൾ, വസ്തുതക്ക് വിരുദ്ധമാണെന്നും ക്ലബിന്റെ ഭാരവാഹിത്വം രാഷ്ട്രീയ ഗ്രൂപ്പിസം വളർത്താനുള്ള വേദിയാക്കുന്നത് കായികരംഗത്തിനും അന്തസുള്ള രാഷ്ട്രീയ പ്രവർത്തനത്തിനും ചേർന്നതല്ലെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. *
ചെയർമാൻ്റെ നടപടി ഏകപക്ഷിയം : പ്രഖ്യാപിച്ച തീയതിയിൽ ടൂർണമെൻ്റ് നടത്തും -കാദറലി ക്ലബ്ബ് പെരിന്തൽമണ്ണ : കാദർ അലി സ്പോർട്സ് ക്ലബ്ബ് ആരംഭിക്കാനിരുന്ന സെവൻസ് ഫുട്ബോൾ മാമാങ്കത്തിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാത്ത നഗരസഭ ചെയർമാന്റെ നടപടി ഏകപക്ഷീയമാണെന്ന് ക്ലബ്ബ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. കാദറലി ക്ലബ്ബ് ഇതിനകം പ്രഖ്യാപിച്ച ഡിസംബർ 20 ന് തന്നെ പെരിന്തൽമണ്ണയിൽ ടൂർണമെൻറ് സംഘടിപ്പിക്കുമെന്നും യോഗം വ്യക്തമാക്കി. ഡിസംബർ 20ന് നെഹ്റു സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയാക്കി സംഘാടക സമിതി രൂപീകരിച്ചതാണ്. 20 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫിക്സചർ തയ്യാറാക്കി മുന്നോട്ടു പോയ അവസരത്തിലാണ് പെരിന്തൽമണ്ണയിലെ പ്രീമിയർ ക്ലബ്ബിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചത് . 53-ാ മത് കാദറലി സെവൻസ് ടൂർണമെൻ്റിന് സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു മാസങ്ങൾക്ക് മുമ്പ് തന്നെ നഗരസഭ ഓഫീസിൽ കാദറലിക്ലബ്ബ് അപേക്ഷ നൽകിയിരുന്നു. ഇതിനിടയിലാണ് പുതിയൊരു വാദവുമായി പ്രീമിയർ ക്ലബ്ബ് രംഗത്ത് വന്നത്. തുടർന്ന് പ്രീമിയറിൻ്റെ അപേക്ഷ പരിഗണിച്ച് ഇന്നലെ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ഏകപക്ഷീയമായി പ്രീമിയർ ക്ലബ്ബിന് നെഹ്റു സ്റ്റേഡിയം അനുവദിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങൾക്കും നഗരസഭയുടെ തീരുമാനത്തിൽ പ്രതിഷേധമുണ്ട്. കാദർ അലി ക്ലബ്ബിന് ഈ സീസണിൽ മത്സരം നടത്തുവാൻ നെഹ്റു സ്റ്റേഡിയം അനുവദിക്കാത്ത നഗരസഭയുടെ നടപടി നഗരസഭയ്ക്ക് തന്നെ വരുംകാലങ്ങളിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തി. കാദറലി ക്ലബ്ബ് ഇതിനകം പ്രഖ്യാപിച്ച ഡിസംബർ 20 ന് തന്നെ പെരിന്തൽമണ്ണയിൽ ടൂർണമെൻറ് സംഘടിപ്പിക്കുവാൻ ക്ലബ്ബ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രതിഷേധ യോഗത്തിൽ മണ്ണിൽ ഹസ്സൻ അധ്യക്ഷനായി. സി.എച്ച് മുസ്തഫ, മണ്ണേങ്ങൽ അസീസ്, കുറ്റീരിമാനുപ്പ, യൂസഫ് രാമപുരം, പച്ചീരി സുബൈർ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് സ്വാഗതവും എച്ച് മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
Leave a Reply