എം.എല്‍.എയായിരിക്കെ ഇരട്ട ശമ്പളം കൈപറ്റി.എം.എല്‍.എയായിരിക്കെ 2006 മെയ് മാസത്തെ അധ്യാപക ശമ്പള കൈപറ്റിയതായി രേഖകള്‍.

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്. ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒരു എയ്ഡഡ് കോളേജിലെ അധ്യാപകനായ നിലയില്‍ ശമ്പളം വാങ്ങിയതായി വ്യക്തമായിരിക്കുന്നത്.

നിയമാനുസൃതമായി എം.എല്‍.എയായ ശേഷം മറ്റേതെങ്കിലും ശമ്പളമുള്ള പദവിയില്‍ നിന്ന് വേതനം സ്വീകരിക്കുന്നത് ഇരട്ട പദവിയായി കണക്കാക്കപ്പെടുന്നതാണ്. ഇത്തരം പ്രവൃത്തികള്‍ നിയമലംഘനമായും അച്ചടക്കലംഘനമായും കാണപ്പെടുന്നു.ചടങ്ങള്‍ പ്രകാരം ഒരു എയ്ഡഡ് അധ്യാപകന്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ ശമ്പളാവകാശം അവസാനിക്കേണ്ടതാണ്. സത്യപ്രതിജ്ഞ ചെയ്ത ദിവസത്തിന് ശേഷം അധ്യാപക ശമ്പളം കൈപ്പറ്റുന്നത് നിയമപരമായി തെറ്റാണെന്നത് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ജലീല്‍ അധികമായി വാങ്ങിയ തുക തിരിച്ചടക്കേണ്ടി വരും. പുറമേ അഡ്മിനിസ്‌ട്രേറ്റീവ് നടപടികളും നിയമ പരമായ അന്വേഷണവും നേരിടേണ്ടി വരും.അനധികൃതമായി പെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി സര്‍വ്വീസ് ബുക്ക് തിരുത്താന്‍ ശ്രമിക്കുന്നതായുള്ള ആരോപണം നിലനില്‍ക്കെയാണ് പുതിയ ക്രമക്കേട് കൂടി പുറത്ത് വരുന്നത്.

2021 മാര്‍ച്ച് 12-ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അധ്യപക സ്ഥാനം രാജിവെച്ചിരുന്നു. ആ രാജി വിടുതലാക്കി തിരുത്തി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് വിവാദമായിരുന്നു. ആ വിവാദം നിലനില്‍ക്കെയാണ് പുതിയ ക്രമക്കേട് കൂടി കണ്ടെത്തിയിരിക്കുന്നത്. 2021 ഏപ്രില്‍ 13-ന് ജലീലിന് ഉന്നത വിദ്യഭ്യാസ മന്ത്രി സ്ഥാനം നഷ്ടമായതും ബന്ധു നിയമനത്തെ തുടര്‍ന്നാണ്. സ്വന്തം കാര്യത്തിന് വേണ്ടി ചട്ടങ്ങള്‍ കാറ്റിപ്പറത്തുന്ന ജനപ്രതിനിധി എന്ന പേര് വീണ്ടും അനര്‍ഥമാക്കുകയാണ് ജലീല്‍. 2006-ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.ടി. ജലീല്‍ 1994 നവംബര്‍ 14 മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ചരിത്രവിഭാഗത്തില്‍ അധ്യാപകനായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആ പദവിയില്‍ നിന്ന് ലീവ് എടുത്തുവെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ രേഖകള്‍ ആ വിശദീകരണത്തെയും സംശയത്തിനിടയാക്കുന്നു. 2006 മെയ് 31 വരെ ശമ്പളം കൈപറ്റിയിട്ടുണ്ടെന്നാണ് രേഖ വ്യക്തമാക്കുന്നത്. സര്‍വ്വീസ് ബുക്കിന്റെ പകര്‍പ്പ് ലഭിക്കാന്‍ വിവരാവകാശം വഴി ശ്രമങ്ങള്‍ നടത്തിയെങ്കിലും നല്‍കാന്‍ തെയ്യാറായിട്ടില്ല. സര്‍വ്വീസ് ബുക്കിന്റെ രേഖകള്‍ കൂടി പുറത്ത് വരുന്നതോടെ സര്‍വ്വീസിലെ മറ്റു വിവരങ്ങളും ക്രമക്കേടുകളും വരാനിടയുണ്ടെന്നാണ് വിദഗ്തര്‍ പറയുന്നത്.

Leave a Reply

Your email address will not be published.