തിരൂർ :ഓട്ടോറിക്ഷക്കാർ ഈടാക്കുന്നത് മൂന്നിരട്ടി ചാർജ്. നിശ്ചയിക്കപ്പെട്ട റൂട്ടുകളിലേക്ക് രാത്രി ബസുകൾ ഓടാത്തതിനാൽ തിരൂരിലും പരിസരങ്ങളിലും ഉള്ള ജനങ്ങൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട്. രാത്രി 7 മണിയോടെ ബസുകൾ ഓട്ടം അവസാനിപ്പിക്കുന്നതാണ് പതിവ്. യാത്രക്കാർ ഇല്ല എന്നാണ് ഇതിന് അവരുടെ വിശദീകരണം. അപൂർവ്വം റൂട്ടുകളിൽ മാത്രമാണ് മണിക്കൂറിൽ ഒരു ബസ് എന്ന നിലയിൽ എങ്കിലും ഓടുന്നത്. ഇക്കാരണത്താൽ പരിസരപ്രദേശങ്ങളിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എല്ലായിടത്തേക്കും ഓട്ടോറിക്ഷ വിളിച്ച് വലിയ ചാർജ് നൽകേണ്ട ഗതികേടിലാണ് നാട്ടുകാർ. ബസ്സില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആർ.ടി.ഒ. മാരും എം.വി. ഐ മാരും ശ്രദ്ധിക്കുന്നില്ല എന്ന് പരാതിയും നാട്ടുകാർക്കുണ്ട്.

ഈ അവസരം മുതലെടുത്ത് ഓട്ടോറിക്ഷക്കാർ അമിതചാർജ് വാങ്ങുന്നു എന്ന പരാതി ഒരുപാട് കാലമായി തിരൂരിൽ നിലവിലുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും ചെറിയ ദൂരത്തേക്കുള്ള ഓട്ടത്തിന് പോലും വലിയ തുകയാണ് ഓട്ടോറിക്ഷക്കാർ വാങ്ങുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും എവിടേക്ക് ഓട്ടോറിക്ഷ വിളിച്ചാലും മിനിമം ചാർജ് 100 രൂപ എന്ന അലിഖിത നിയമവും ഓട്ടോ ഡ്രൈവർമാർ കൊണ്ടുവന്നിട്ടുണ്ട്. ദീർഘദൂര ഓട്ടം പ്രതീക്ഷിച്ചു നിൽക്കുകയാണെന്നും ചെറിയ ഓട്ടം ആണെങ്കിൽ പോലും 100 രൂപ നൽകണമെന്നുമാണ് യാത്രക്കാരോട് ഓട്ടോറിക്ഷകാർ നിർബന്ധപൂർവ്വം പറയുന്നതും പണം ഈടാക്കുന്നതും

കഴിഞ്ഞദിവസം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂങ്ങോട്ടുകുളം മിഷൻ ഹോസ്പിറ്റലിലേക്ക് ഓട്ടം പോകാൻ വിളിച്ച ഓട്ടോ ഡ്രൈവർ 100 രൂപയാണ് ആവശ്യപ്പെട്ടതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. രാത്രിയിലെ ബസ് ഓട്ടം പുനരാരംഭിക്കുന്നതിനും ഓട്ടോറിക്ഷക്കാരുടെ അമിതചാർജ്എടുക്കുന്നതിനും പരിഹാരമുണ്ടാക്കണം എന്നാണ് തിരൂരിലെ നാട്ടുകാർഒന്നടങ്കം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published.