കോതമുക്ക് പി.വി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.

പൊന്നാനി കൾചറൽ ഫെസ്റ്റിവൽ 2025 ന് തിരി തെളിഞ്ഞു

പൊന്നാനി പൊന്നാനിയുടെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പെരുമ വിളിച്ചോതുന്ന ‘പൊന്നാനി കൾച്ചറൽ ഫെസ്റ്റ് 2025’ന് ശനിയാഴ്ച എരമംഗലത്ത് തുടക്കമായി.
കോതമുക്ക് പി.വി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.
നവോത്ഥാനത്തിന്റെ ഏടുകളിൽ നിന്ന് മാഞ്ഞുപോയ പേരാണ് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണനെന്ന് വി.കെ ശ്രീരാമൻ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ച, അവരെ പുരോഗമന പാതയിൽ എത്തിക്കാൻ പരിശ്രമിച്ച അദ്ദേഹത്തിന് മന്ത്രി പദം അലങ്കരിക്കാൻ സാധിച്ചിരുന്നെങ്കിൽ കേരളം വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകുമായിരുന്നെന്നും അദ്ദേഹത്തിൻ്റെ സംഭാവനകളെ സ്മരിക്കാനുള്ള തീരുമാനം ഏറെ പ്രശംസനീയമാണെന്നും ശ്രീരാമൻ പറഞ്ഞു.

പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു.
പൊന്നാനിയിലെ സാമൂഹ്യ- രാഷ്ട്രീയ ഭൂമികയിൽ ത്യാഗോജ്ജ്വല പ്രവർത്തനം നടത്തിയ മഹാരഥന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സാംസ്കാരിക സദസ്സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൊളാടി ബാലകൃഷ്ണനെ കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ ‘വന്നേരിയുടെ വെളിച്ചം’ എന്ന ഓർമ്മ പുസ്തകത്തിന്റെ പ്രകാശനവും വി.കെ ശ്രീരാമൻ നിർവഹിച്ചു. അജിത് കൊളാടി പുസ്തകം ഏറ്റുവാങ്ങി. ‘ ചരിത്രത്തിലെ വന്നേരി നാട് ‘എന്ന വിഷയത്തിൽ ഡോ. കെ.എൻ ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദിഖ്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കൊളാടി ബാലകൃഷ്ണന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ‘മുൻപേ നടന്ന കലാപകാരി’ എന്ന ഡോക്യുമെന്ററി പ്രദർശനവും കെ. ദാമോദരൻ രചിച്ച പാട്ട ബാക്കി എന്ന നാടകവും അരങ്ങേറി.
ഒക്ടോബർ 4,5 തീയതികളിലായി സാംസ്കാരിക സദസ്സ് പൊന്നാനിയിലും ചങ്ങരംകുളത്തും നടക്കും.

Leave a Reply

Your email address will not be published.