മുസ്ലിം ലീഗ് രൂപീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന ചരിത്രവിരുദ്ധതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി രൂപീകരിച്ചത് സ്വാതന്ത്ര്യസമര നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എന്ന ഭീമാബദ്ധവുമായി ഇന്ത്യ എക്സ്പ്രസ്സ് പത്രം. വിഭജനത്തിന് ശേഷം അബ്ദുറഹ്മാൻ സാഹിബിന്റെ പിൻഗാമികളായ മദ്രാസ് സംസ്ഥാനത്തിലെ ചിലർ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് രൂപീകരിച്ചു എന്നാണ് പത്രം എഴുതിയത്.

എന്നാൽ ഇതിനെതിരെ ശക്‌തമായ പ്രതികരണവുമായി യൂത്ത് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ അഡ്വ.മുഹമ്മദ് ദാനിഷ് കെ.എസ് രംഗത്തു വന്നതോടെ ഓൺലൈൻ എഡിഷനിൽ വാർത്ത തിരുത്താൻ തയ്യാറായിരിക്കുകയാണ് പത്രം ഇപ്പോൾ. ബ്രിട്ടീഷ് മലബാറിൽ അബ്ദുറഹ്മാൻ സാഹിബും മുസ്ലിം ലീഗും ബദ്ധവൈരികൾ ആയിരുന്നുവെന്നതാണ് ചരിത്രയാഥാർത്ഥ്യം.

അഡ്വ.മുഹമ്മദ് ദാനിഷ് കെ.എസിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം,

“ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് 1948ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചതെന്ന നൂറാം ക്‌ളാസ് മണ്ടത്തരം അച്ചടിച്ചാണ് ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇന്നലെ പുറത്തിറങ്ങിയത്. പേരുകേട്ട മുത്തശ്ശി പത്രങ്ങൾ പോലും ഇത്തരം ചരിത്രനിഷേധങ്ങൾ പടച്ചുവിടുന്നത് പരിതാപകരവും പ്രതിഷേധാർഹവുമാണ്. സ്വാതന്ത്രപൂർവ്വ മലബാറിന്റെ രാഷ്ട്രീയചരിത്രം മറിച്ചു പോലും നോക്കാതെയുള്ള റിപ്പോർട്ടിങ് എന്നേ പറയാൻ കഴിയൂ.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന ആശയമണ്ഡലത്തിനു മുന്നിൽ നിവർന്നു നിൽക്കാനുള്ള ശേഷി അന്നും ഇന്നും സാമുദായിക രാഷ്ട്രീയത്തിനില്ല. വിഭജനവാദഭാരത്തിന്റെ ചാപ്പ കുടഞ്ഞെറിയുന്ന ഇന്ത്യൻ മുസ്ലിമിന്റെ അഭിമാനബോധത്തിന്റെ ഈടുവെപ്പാണ് അബ്ദുറഹ്മാൻ സാഹിബ്. കൂരിരുട്ടുകൾ വകഞ്ഞുമാറ്റി തലമുറകൾ തേടിച്ചെല്ലുന്ന മേൽവിലാസമാണ് അബ്ദുറഹ്മാൻ സാഹിബ്.

അയ്യപ്പ പണിക്കർ എഴുതി,
‘അങ്ങനെയൊരാൾ നമു-
ക്കുണ്ടായിട്ടില്ല, മുൻപും
പിൻപുമെന്നോർക്കുന്നേരം
ക്ഷമിക്കൂ നേതാക്കളെ !

എക്സ്പ്രസ്സ് ലേഖിക ലിസ്സ് മാത്യുവുമായി ബന്ധപ്പെട്ടിരുന്നു. തിരുത്താനും ഉൾക്കൊള്ളാനും തയ്യാറായതിനാൽ കൂടുതൽ വിവരിക്കുന്നില്ല.”

റിപ്പോർട്ടർ തന്നെ ബന്ധപ്പെട്ടിരുന്നെന്നും നിർദേശിച്ച തിരുത്തലുകളോടെ ലേഖനത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യറായെന്നും അഡ്വ.മുഹമ്മദ് ദാനിഷ് അറിയിച്ചു.

Leave a Reply

Your email address will not be published.