മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും വേണ്ടി ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂർ ITDP ഓഫീസിന് മുൻപിൽ , 314 ദിവസം നീണ്ടു നിന്ന പട്ടിണി സമരം ഒത്തുതീർപ്പാക്കിക്കൊണ്ട് 18/03/24ന് കലക്ടർ അന്ന് എഴുതി ഒപ്പിട്ട് നൽകിയ എഗ്രിമെന്റ് വ്യവസ്ഥ മാസങ്ങൾ കാത്തിരുന്നിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് ആദിവാസി നേതാക്കളും ബന്ധപ്പെട്ടവരും വീണ്ടും കളക്ടറെ കാണുകയും എഗ്രിമെന്റ് നടപ്പാക്കാൻ ഞങ്ങൾ വീണ്ടും സമരം ചെയ്യേണ്ട അവസ്ഥ വന്നിരിക്കുകയാണ് എന്നും കളക്ടറെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ വീണ്ടും മൂന്ന് മാസം സമയം ആവശ്യപ്പെടുകയും 2024 ഡിസംബർ അവസാനം എഗ്രിമെന്റിൽ പറഞ്ഞ പ്രകാരം പട്ടയ വിതരണം നടത്തുമെന്ന് സ്വന്തം കൈപ്പടയിൽ മുൻ എഗ്രിമെന്റിൽ എഴുതി ഒപ്പിട്ട് ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാതിരുന്നത് കൊണ്ട് ആദിവാസി നേതാക്കളും മധ്യസ്ഥൻമാരും വീണ്ടും കലക്ടറെ കണ്ടെങ്കിലും അദ്ദേഹം വീണ്ടും സമയം നീട്ടി ചോദിക്കുകയാണ് ഉണ്ടായത്. ആദിവാസികൾക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയുടെ പരമാധികാരി കലക്ടർ വാക്കുപാലിക്കുകയും എഗ്രിമെന്റ് നടപ്പിലാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മലപ്പുറം ജില്ലാ കലക്ടറേറ്റ് പടിക്കൽ 2025 മെയ് 20ന് ഞങ്ങൾ രാപ്പകൽ സത്യാഗ്രഹ സമരം ആരംഭിച്ചത്.

നിലമ്പൂർ മേഖലയിലെ മുഴുവൻ ആദിവാസികൾക്കും കേന്ദ്രം അനുവദിച്ച സുപ്രീംകോടതി വിധി പ്രകാരം ഒരു കുടുംബത്തിന് ഒരു ഏക്കറിൽ കുറയാതെ ഭൂമി വിതരണം ചെയ്യുക എന്നതായിരുന്നു നിലമ്പൂർ ഐടിഡിപിക്ക് മുൻപിൽ നടന്ന സമരത്തിൻറെ ആവശ്യം.
ആദിവാസികൾക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി ഉണ്ടായിട്ടും 20 വർഷത്തോളമായി അപേക്ഷകൾ സ്വീകരിക്കുക മാത്രമാണ് അധികൃതർ ചെയ്തിട്ടുള്ളത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തത്.
നിലമ്പൂരിൽ ഈ സമരം ആരംഭിച്ചതിന് ശേഷമാണ് 531 പേർക്ക് ഭൂമി കൊടുത്തത്. 10, 20, 40 സെന്റ് എന്നിങ്ങനെയായിരുന്നു അത്. സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ വിധം പട്ടയ വിതരണത്തിന് പിന്നിൽ ഉണ്ടായിരുന്നു.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഈ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെ, പരമാവധി സഹായിക്കണമെന്ന് പത്രപ്രവർത്തകരോട് വിനീതമായി അഭ്യർത്ഥിക്കുന്നു.
ആദിവാസി ഭൂസമര സമിതിക്ക് വേണ്ടി ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, ഗിരിദാസ്, മുനീബ് കാരക്കുന്ന്, മജീദ് ചാലിയാർ, ഷാക്കിർ മോങ്ങം, ഷനീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.