തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് മംഗലം എന്ന സ്ഥലത്ത് പുതിയ ഒരു പോലീസ് സ്റ്റേഷൻ കൂടി പ്രവർത്തിക്കണമെന്ന് നിരവധി വർഷങ്ങൾക്ക് മുമ്പ് ആവശ്യം ഉന്നയിച്ച കാര്യമാണ്.
എന്നാൽ എന്ത് കൊണ്ടാണ് എന്നറിയില്ല ഈ വിഷയത്തിൽ തിരൂരിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതാണ് യഥാർത്ഥ്യം. എന്ത് കൊണ്ടാണ് ഇങ്ങിനെ ഒരു സമീപനം ഗൗരവമായ ഈ വിഷയത്തിൽ നാട്ടുകാർ കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല.
ഒരു വലിയ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ അതിന്റെ ഗുണം ലഭിക്കുന്നത് ആ പോലീസ് സ്റ്റേഷൻ പരിധിയിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കാണ് എന്ന കാര്യം നാട്ടിലെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ മറന്ന് പോയത് കൊണ്ടാണോ എന്നറിയില്ല. തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ചാൽ അതിന്റെ പ്രയോജനം തീർച്ചയായും ആ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കും എന്നത് ശരിയാണെങ്കിലും ആ കാര്യത്തിൽ യഥാർത്ഥത്തിൽ അതിന്റെ ആനുകൂല്യം ലഭിക്കുന്നത് നാട്ടുകാർക്ക് തന്നെയാണ്.

എന്താണ് ഇപ്പോൾ തിരൂർ പോലീസ് സ്റ്റേഷന്റെ അവസ്ഥ വളരെ പരിതാപകരമാണ് എന്നത് തന്നെയാണ് പറയാനുള്ളത്. കാരണം ഒരു ചെറിയ പരാതി പോലും സമയത്തിന് തീർപ്പ് കൽപിക്കാൻ കഴിയാത്ത ഒരു പോലീസ് സ്റ്റേഷനായി തിരൂർ മാറിയിരിക്കുന്നു. ഇത് തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കഴിവ് കേട് കൊണ്ടല്ല. ഉദ്യോഗസ്ഥർ അവരെ കൊണ്ട് കഴിയുന്ന രീതിയിൽ അധിക സമയം ചെലവഴിച്ച് പോലീസ് സ്റ്റേഷനിലെ ജോലികൾ ചെയ്യുന്നുണ്ടെങ്കിലും സമയ കുറവ് മൂലം ചെയ്ത ജോലികളേക്കാൾ കൂടുതൽ പ്രവർത്തികൾ ബാക്കി നിൽക്കുന്നു എന്ന ഖേദകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
തിരൂർ പോലീസ് സ്റ്റേഷന്റെ അധികാര പരിധി തിരൂർ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്രം ങ്ങോട്, എന്നീ പഞ്ചായത്തുകളും, ചെറിയമുണ്ടം, തിരുനാവായ എന്നീ പഞ്ചായത്തുകളുടെ പകുതിയിലധികം ഭാഗവും ഉൾകൊള്ളുന്നതാണ്. അത് കൊണ്ട് തന്നെ പടിഞ്ഞാറെക്കര അഴിമുഖം മുതൽ എടക്കുളം കുന്നു പുറം വരെയുള്ള തിരൂർ പോലീസ് സ്റ്റേഷൻ അധികാര പരിധിയിൽ പോലീസിന്റെ സേവനം യഥാസമയം നൽകാൻ തിരൂർ പോലീസിന് വളരെ വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത് എന്നതാണ് ഗൗരവമായ പ്രശ്നം.

വളരെ വർഷങ്ങൾക്ക് മുമ്പുള്ള ജനസംഖ്യ ആനുപാതികമായ അംഗബലമാണ് തിരൂർ പോലീസ് സ്റ്റേഷനിൽ നിലവിലുള്ളത്. ഒരിക്കലും ഈ ഉദ്യോഗസ്ഥരെ കൊണ്ട് തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജോലികൾ ആർക്കും ഒരു പരാതിക്കിട നൽകാതെ ചെയ്തു കൊടുക്കുവാൻ സാധിക്കില്ല. കൂടാതെ ഇത്രയും സ്ഥലങ്ങളിൽ പോലീസിന്റെ സാന്നിധ്യം അറിയിക്കുന്ന പട്രോളിംഗ് ഡ്യൂട്ടി ചെയ്യുന്നതിന് പോലും മതിയായ വാഹന ങ്ങൾ പോലീസ് സ്റ്റേഷന് സ്വന്തമായി ഇല്ലാത്തത് കൊണ്ട് സാധിക്കുന്നില്ല. ഇവിടെയാണ് പോലീസ് സ്റ്റേഷൻ വിഭജിക്കണം എന്ന കാര്യത്തിന് പ്രസക്‌തി. എന്നാൽ ആരും തന്നെ ഈ കാര്യത്തിൽ ഗൗരവമായ സമീപനം സ്വീകരിക്കുന്നില്ല എന്നതാണ് സങ്കടം. തീർച്ചയായും തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 7 പഞ്ചായത്തുകളിലേയും, തിരൂർ മുനിസിപ്പാലിറ്റിയിലേയും തെരെഞ്ഞെടുത്ത ജനപ്രതിനിധികൾ പൊതുജനങ്ങൾക്ക് ഏറെ ഗുണം ലഭിക്കുന്ന പോലീസ് സ്റ്റേഷൻ വിഭജനം സാധ്യമാക്കുന്നതിനുള്ള ചർച്ചക്കായും, അതിന് സ്വീകരിക്കേണ്ട നടപടികൾക്കുമായി ഒരു യോഗം ചേരണമെന്നും അതിലേക്ക് വ്യാപാര സംഘടന നേതാക്കളേയും മറ്റ് സാമൂഹികപ്രവർത്തകരേയും വിളിച്ച് ഈ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തണമെന്നും താൽപര്യപ്പെടുന്നു.
തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് മംഗലം എന്ന സ്ഥലത്ത് ഒരു പുതിയ പോലീസ് സ്റ്റേഷൻ കൂടി സ്ഥാപിക്കുന്നതിന് ഈ നാട്ടിലെ എല്ലാവരും ഈ വിഷയത്തിൽ ഒരു സജീവ ചർച്ച സംഘടിപ്പിക്കുമെന്ന പ്രതീക്ഷയിൽ.

സവിനയം
MK അബ്ദുഷുക്കൂർ
പറവണ്ണ

Leave a Reply

Your email address will not be published.