• അക്ബർ പൊന്നാനി –

ജിദ്ദ: മുൻകൂറായ മുന്നറിയിപ്പില്ലാതെ രീതിയിൽ ഇറാനെ ഇസ്രായേൽ ആക്രമിച്ചേക്കാം. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നിരവധി ഇസ്രായേലി മന്ത്രാലയങ്ങൾ അടുത്തിടെ രഹസ്യ യോഗങ്ങൾ നടത്തിയതായി പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ “മാരിവ്” പറഞ്ഞു.

ഒരു ആക്രമണം നടന്നാൽ, അനിശ്ചിതമായ കാലത്തേക്കുള്ള പോരാട്ടം പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വൃത്തങ്ങൾ വിശദീകരിച്ചു. ഏകദേശം 700 കിലോഗ്രാം വരെ ഭാരമുള്ള ആയിരക്കണക്കിന് മിസൈലുകൾ ഇസ്രായേലിൽ പതിക്കാൻ സാധ്യതയുണ്ട്.

അങ്ങിനെയൊരു സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും ചർച്ചകളിൽ വിഷയമായെന്നാണ് റിപ്പോർട്ട്. ഇവയിൽ പതിനായിരത്തിലധികം വരുന്ന പൊതു ഷെൽട്ടറുകളും ഉടനടി തുറക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, വിവിധ ആവശ്യങ്ങൾ നിർവഹിക്കുക, ഒഴിപ്പിക്കൽ മേഖലകളെ തിരിച്ചറിയുക, ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ തയ്യാറെടുപ്പുകളും ഉൾപ്പെടുന്നു.

ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ കഴിവ് പരിമിതപ്പെടുത്താൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്ന് ഈ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇറാനുമായുള്ള ചർച്ചകൾ ത്വരിതപ്പെടുത്തുന്നതിനും അവരുമായി പുതിയൊരു ആണവ കരാറിലെത്തുന്നതിനുമായി, യുറേനിയം സമ്പുഷ്ടീകരണം നിർത്തുന്നത് പോലുള്ള നിബന്ധനകൾ അമേരിക്ക വേണ്ടെന്ന് വെക്കുമെന്ന സാഹചര്യത്തിൽ “ഇസ്രായേൽ ആശങ്കാകുലരാണ്” എന്ന് ഒരു അമേരിക്കൻ പത്രമായ “വാൾ സ്ട്രീറ്റ് ജേണൽ” അവരുടെ സ്രോതസ്സുകളെ ഉദ്ധരിച്ച് സൂചിപ്പിച്ചു. യുറേനിയം സമ്പുഷ്‌ടീകരണം ഇറാനുമായുള്ള വിഷയങ്ങളിൽ ഇസ്രായേൽ പുലർത്തുന്ന “റെഡ് ലൈൻ” ആണ്.

ഇറാന്റെ ആണവ പദ്ധതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വാഷിംഗ്ടണും ടെൽ അവീവും നിലവിൽ വ്യത്യസ്ത നിലപാടുകളാണെന്നും എന്നാൽ ഒരു കരാറിലെത്താൻ ഇറാൻ തയാറാവുന്നില്ലെങ്കിൽ അമേരിക്കയുടെ നിലപാട് മാറിയേക്കാമെന്നും അമേരിക്കൻ പത്രം സൂചിപ്പിച്ചു.

അതേസമയം തന്നെ, യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റി നോം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഒടുവിൽ നടത്തിയ കൂടിക്കാഴ്ചയിലും, ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നതിൽ നിന്നോ വികസിപ്പിക്കുന്നതിൽ നിന്നോ തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് അങ്ങോട്ടുമിങ്ങോട്ടും സമ്മർദ്ദ തന്ത്രങ്ങൾ ബന്ധപ്പെട്ടവർ പ്രയോഗിച്ചും ചർച്ച ചെയ്തും കൊണ്ടിരിക്കുന്ന സമയത്താണ് ഈ നീക്കങ്ങൾ. പ്രതിസന്ധിയിൽ നിന്ന് നയതന്ത്രപരമായ ഒരു വഴി കണ്ടെത്താൻ അതിൽ ഉൾപ്പെട്ട കക്ഷികൾ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഒമാന്റെ മധ്യസ്ഥതയിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു.

തങ്ങളുടെ പ്രദേശത്ത് യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുന്ന വാഷിംഗ്ടണിന്റെ വ്യവസ്ഥകൾ ഇറാൻ പൂർണ്ണമായി അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഏതൊരു കരാറും എന്ന് യുഎസ് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. പകരമായി, യുറേനിയം സമ്പുഷ്ടീകരണം ഒരു “ചുവപ്പ് രേഖ”യാണെന്നും അതിനപ്പുറം പിന്നോട്ട് പോകാൻ കഴിയില്ലെന്നും ഇറാനും വാദിക്കുന്നു.

Leave a Reply

Your email address will not be published.