മയാമി: ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി അപ്രതീക്ഷിതമായ യാത്രാ പ്രതിസന്ധി നേരിട്ട ഉറുഗ്വേ ദേശീയ ഫുട്‌ബോള്‍ ടീം ഒടുവില്‍ അമേരിക്കയിലെ മയാമിയിലെത്തി. ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ സൗദി അറേബ്യക്കെതിരായ ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫിന് 24 മണിക്കൂറില്‍ താഴെ സമയം മാത്രം ശേഷിക്കെയാണ് താരങ്ങളും പരിശീലകസംഘവും അമേരിക്കന്‍ മണ്ണിലെത്തിയത്.
മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ തടസ്സങ്ങള്‍ക്ക് ഫിഫയെയാണ് ഉറുഗ്വേ കുറ്റപ്പെടുത്തിയത്. നിര്‍ബന്ധിത മാധ്യമസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരിശീലകനും ടീം ക്യാപ്റ്റനും എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ആദ്യമായി ക്രമീകരിച്ചിരുന്ന വിമാനം ഭരണപരമായ പ്രശ്‌നങ്ങള്‍ കാരണം പറക്കാന്‍ അനുമതി ലഭിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ആവശ്യമായ ചില രേഖകള്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയും പുതിയ വിമാനം ഒരുക്കാന്‍ അധികൃതര്‍ തീവ്രശ്രമം നടത്തേണ്ടിവരികയും ചെയ്തു.
48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ യാത്രാ ക്രമീകരണങ്ങളുടെയും ചുമതല ഫിഫയ്ക്കാണ്. അതിനാല്‍ സംഭവവികാസങ്ങള്‍ ലോക ഫുട്‌ബോള്‍ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു.
ഉറുഗ്വേ ടീം മെക്‌സിക്കോയിലെ പ്ലായ ഡെല്‍ കാര്‍മെനിലാണ് പരിശീലന ക്യാമ്പ് നടത്തുന്നത്. ഞായറാഴ്ച അവിടെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം, ഏകദേശം 72 കിലോമീറ്റര്‍ അകലെയുള്ള കാന്‍കൂണ്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അനുമതി സംഘത്തിനില്ലെന്ന് അറിയുന്നത്. ഇതോടെ താരങ്ങളും സംഘാംഗങ്ങളും അപ്രതീക്ഷിത അനിശ്ചിതത്വത്തിലായി.
തുടര്‍ന്ന് ദക്ഷിണ ഫ്‌ലോറിഡയില്‍ നിന്ന് മറ്റൊരു വിമാനം ടീമിനെ കൊണ്ടുപോകാന്‍ അയച്ചതായി ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ (AUF) അറിയിച്ചു. പുതിയ വിമാനം എത്തുന്നതുവരെ കാന്‍കൂണിന് സമീപമുള്ള ഒരു റിസോര്‍ട്ടില്‍ താരങ്ങള്‍ വിശ്രമിക്കുകയായിരുന്നു.
”എയുഎഫിന്റെ നിയന്ത്രണത്തിന് അതീതമായ ചില പ്രശ്‌നങ്ങള്‍ കാരണം മെക്‌സിക്കോയില്‍ നിന്നുള്ള യാത്ര വൈകി. താരങ്ങള്‍ നിലവില്‍ ഹോട്ടലില്‍ വിശ്രമിക്കുകയാണ്. ഫിഫ നിശ്ചയിച്ച പുതിയ യാത്രാസമയം വൈകിട്ട് 4.15 ആണ്,” അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പിന്നീട് ഫിഫയും വിശദീകരണം പുറത്തിറക്കി. ”മെക്‌സിക്കോയില്‍ എയര്‍ലൈന്‍സിന്റെ അനുമതി സംബന്ധമായ പിഴവ് മൂലമാണ് കാന്‍കൂണില്‍ നിന്ന് മയാമിയിലേക്കുള്ള ഉറുഗ്വേ ദേശീയ ടീമിന്റെ യാത്ര വൈകിയത്,” ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതിസന്ധികള്‍ക്കിടയിലും ലോകകപ്പ് വേദിയിലെത്തിയ ഉറുഗ്വേ, സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ വിജയത്തോടെ ടൂര്‍ണമെന്റിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന നിമിഷം വരെ നീണ്ട യാത്രാ ആശങ്കകള്‍ ടീമിന്റെ തയ്യാറെടുപ്പുകളെ എത്രത്തോളം ബാധിക്കുമെന്നത് ഇനി കാത്തിരുന്ന് കാണേണ്ടതാണ്.

Leave a Reply