ജില്ലയിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ വികസന തുടർച്ചയ്‌ക്ക് ജനം വിധിയെഴുതും. സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനക്ഷേമ പ്രവർത്തനങ്ങൾ അനുഭവസാക്ഷ്യമായ പത്തു വർഷമാണ് കടന്നുപോയത്. എന്നാൽ, വികസനം ചർച്ച ചെയ്യാൻ മടിക്കുന്ന യുഡിഎഫ് മത–സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ജയിച്ചുകയറാമെന്നാണ് കരുതുന്നത്. അതിനായി ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ ഹീന പ്രചാരണമാണ് അവർ ഇപ്പോഴും തുടരുന്നത്. ഇടതുപക്ഷത്തെ ന്യൂനപക്ഷ വിരുദ്ധരും മലപ്പുറം വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമം അങ്ങേയറ്റം ഹീനമാണ്. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവരാറിനൊപ്പം ചേർന്ന് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. അവരെ ഒപ്പം കൂട്ടിയാണ് മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കാൻ ഇക്കാലമത്രയും മുന്നിൽ നിന്ന് പോരാടിയ ഇടതുപക്ഷത്തെ കരിവാരിതേക്കുന്നത്. കേവലം വോട്ട് ലക്ഷ്യമിട്ടാണ് ഇത്. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടാൻ വർഗീയ കാർഡിറക്കുകയാണ് എക്കാലവും യുഡിഎഫ് പിന്തുടർന്ന രീതി. ഇത്തരം നീക്കങ്ങൾ സംഘപരിവാർ രാഷ്‌ട്രീയത്തിന് ബലം നൽകാനേ ഉപകരിക്കൂ. നാടിന്റെ മതനിരക്ഷേ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ കരങ്ങൾക്ക് ശക്തിപകരുന്ന ജനവിധിയാകും ഉണ്ടാവുക. അതിന് നാട് സജ്ജമാണ്.
Leave a Reply