ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജന്റേയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റേയും നേതൃത്വത്തില്‍ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

ഒല്ലൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാവാന്‍പോകുന്ന സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന്‍ കെട്ട് ഡാം, കെഎഫ്ആര്‍ഐ, കേരള കാര്‍ഷിക സര്‍വ്വകലാശാല, കച്ചിത്തോട് ഡാം എന്നിവ കൂട്ടിയിണക്കിയാണ് ടൂറിസ്റ്റ് കോറിഡോര്‍ ഒരുങ്ങുന്നത്. ഇതില്‍ പുത്തൂര്‍ കായലിനായി തയ്യാറാക്കിയ വിശദ പദ്ധതി രേഖയില്‍ വിവിധ വകുപ്പുകളുടെ ഭാഗമായി ലഭ്യമായ തുക ഉപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വിവിധ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി, മൃഗസംരക്ഷണം, ജലസേചനം, തദ്ദേശം, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് പ്രത്യേക യോഗം ചേരും. നിലവില്‍ തയ്യാറാക്കിയ ഡി പി ആര്‍ കുറച്ചുകൂടി വിപുലീകരിക്കും.

വല്ലൂര്‍ കുത്ത് എന്നറിയപ്പെടുന്ന പ്രകൃതിദത്ത വെള്ളച്ചാട്ടം സാഹസിക ടൂറിസത്തിനും പ്രകൃതി മനോഹാര്യത ആസ്വദിക്കാനുമായുള്ള ഒരു പദ്ധതി തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ടൂറിസം, തദ്ദേശ വകുപ്പുകളെ ചേര്‍ത്ത് പ്രത്യേക യോഗം അടിയന്തിരമായി ചേര്‍ന്ന് പദ്ധതി രേഖ തയ്യാറാക്കും. മറ്റൊരു സാഹസിക ടൂറിസം അനുഭവഭേദ്യമാവുന്ന പ്രദേശമാണ് ഒരപ്പന്‍ കെട്ട് വെള്ളച്ചാട്ടം. ‘കെല്‍’ ആണ് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്. പീച്ചി ഡാമിന്റെ രണ്ടാം ഘട്ട സൗന്ദര്യവത്ക്കരണം സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡാണ് നിര്‍വ്വഹിക്കുക. കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ടൂറിസ്റ്റ് കോറിഡോറിന്റെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കും. ഒക്ടോബര്‍ അവസാനത്തോടെ തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ ടൂറിസം കോറിഡോറിന് അന്തിമ രൂപമാകും.

സന്ദര്‍ശനത്തിലും യോഗത്തിലും റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അശ്വിന്‍, തൃശൂര്‍ ടൂറിസം ഡെ. ഡയറക്ടര്‍ പ്രേം ഭാസ്, ഹൗസിംഗ് ബോര്‍ഡ് ചീഫ് ടെക്‌നികല്‍ എഞ്ചനീയര്‍ ഗോപിനാഥന്‍, റീജിയണല്‍ എഞ്ചനീയര്‍ മഞ്ജുള, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.