തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 262 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാം. കഴിഞ്ഞ നാലു വർഷത്തിൽ 262 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പദ്ധതിയെ ഏറ്റവും മാതൃകാപരമായ രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചതിൽ രേഖാ നിർണ്ണയം പൂർത്തിയാക്കിയ 262 കുടുംബങ്ങൾക്കാണ് പഞ്ചായത്ത് വീട് നിർമ്മിച്ചത്. അതിനായി ഓരോ ഗുണഭോക്താക്കൾക്കും നാല് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകി.
ജനറൽ വിഭാഗത്തിനായി 6,38,54,861 രൂപയും പട്ടികജാതി വിഭാഗത്തിനായി 3,09,70,000 രൂപയുമാണ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വിഹിതമുൾപ്പെടെ ചെലവ് ചെയ്തിരിക്കുന്നത്. ഇതിൽ ഗ്രാമപഞ്ചായത്ത് വിഹിതമായ 2.55 കോടി രൂപ ലോൺ ഇനത്തിലും കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി കണ്ടെത്തി.
സ്വന്തമായൊരു വീടെന്ന സ്വപ്നം അന്യമായിരുന്ന സാധാരണക്കാരായ ഭൂരഹിതർക്കും ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം നൽകുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ.
ലൈഫ് ഭവന പദ്ധതിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം കയ്പ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പെരിഞ്ഞനത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും.

Leave a Reply