കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് കേസ് പരിഗണനക്ക്.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് കേസ് പരിഗണനക്ക്.

വിചാരണക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് തന്നെ

ഹമീദ് പരപ്പനങ്ങാടി

തിരൂരങ്ങാടി: ആര്‍.എസ്.എസ് പ്രവർത്തകർ പ്രതികളായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വിചാരണ നടപടിക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് നിൽക്കുന്നു.

അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന് സര്‍ക്കാര്‍.

അഡ്വ. പി കുമാരന്‍ കുട്ടിയല്ലാത്ത ആരേയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ.പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ അപേക്ഷയാണ് സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്.

ടി.പി വധക്കേസില്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജറായി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയത് അഡ്വ.പി കുമാരന്‍ കുട്ടിയായിരുന്നങ്കിലും ശിക്ഷ പ്രഖ്യാപനത്തിനിടെ രൂക്ഷമായ ഭാഷയിൽ കോടതി ശകാരം ഏറ്റുവാങ്ങിയതാണ് കുമാരന്‍ കുട്ടിയോട് സര്‍ക്കാര്‍ എതിര്‍പ്പിന് കാരണമെന്ന് കരുതുന്നു.

ഫൈസല്‍ വധക്കേസ് ഇന്ന് തിരൂര്‍ കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തത് കേസിനെ ദോശകരമായി ബാധിക്കും.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 26-ലേക്ക് മാറ്റിയതായിരുന്നു.

എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും അഴകൊഴമ്പന്‍ നിലപാട് തുടരുകയാണ്.
ഫൈസല്‍ കൊല്ലപ്പെട്ടത് മുതല്‍ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഓരോ നീക്കങ്ങളും. പ്രതികളെ പിടികൂടുന്നതിനും കുറ്റപത്രം തെയ്യാറാക്കുന്നതിലുമെല്ലാം അത്തരം സഹായങ്ങളുണ്ടായിരുന്നു.

എസ്.ഡി.പി.ഐയുടേയും, പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെയും ഒക്കെ നേതൃത്വത്തില്‍ ജനകീയമായി നടന്ന സമരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനെങ്കിലും സര്‍ക്കാര്‍ തെയ്യാറായത്.

കാസര്‍കോട് സ്വദേശിയായ അഡ്വ.ശ്രീധരനെ ഫൈസല്‍ കൊല്ലപ്പെട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷം നിയമിച്ചിരുന്നു.

എന്നാല്‍ ആരോഗ്യപരമായ വിശയങ്ങളാല്‍ അദ്ധേഹം പിന്‍മാറിയ സാഹചര്യത്തിലാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.

മാര്‍ച്ച് 7-ന് സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടികൊണ്ടു പോകുകയാണ്.

സാധാരണ ഗതിയില്‍ ഇര ആവശ്യപ്പെടുന്നയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാറാണ് പതിവ്.

എന്നാല്‍ ഫൈസല്‍ വധക്കേസിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടരുകയാണ്.

അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
താല്‍പര്യമുള്ള വക്കീലന്മാരുടെ പാനല്‍ നല്‍കണമെന്നാണ് അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആ പാനലില്‍ നിന്നും സര്‍ക്കാറിന് ഇഷ്ടപ്പെട്ടയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നാണ് സര്‍ക്കാറിന്റെ വാദം.

2016 നവംബര്‍ 19-ന് പുലര്‍ച്ചെ 5.03-ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസല്‍ കൊല്ലപ്പെടുന്നത്.

എട്ട് വര്‍ഷത്തിനിപ്പുറം കേസ് പരിഗണിക്കുമ്പോള്‍ സാക്ഷികളില്‍ ചിലരും രണ്ടാം പ്രതിയും മരണപ്പെട്ടിട്ടുണ്ട്. കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികളായിട്ടുള്ളത്. 207 സാക്ഷികളുള്ള കേസ് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ട് പോലും മഞ്ചേരി ജില്ലാ കോടതി പ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. അന്ന് സര്‍ക്കാറിനായി ഹാജറായ പ്രോസിക്യൂഷന്‍ വക്കീല്‍ പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തില്ലെന്നും ഇയാൾ ഭരണകക്ഷി യുവജന സംഘടനയുടെ പഴയനേതാവായതും വലിയ ആക്ഷേപമുയര്‍ന്നിരുന്നു.

പ്രതികള്‍ പിടിയിലായി വെറും 26 ദിവസം കൊണ്ട് ജാമ്യം ലഭിച്ചത് കൊണ്ട് തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടില്ല.

ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിലൂടെ സര്‍ക്കാറിന് ഇപ്പോഴും അതേ നിലപാടാണെന്നാണ് തെളിയുന്നത്.

Leave a Reply

Your email address will not be published.