വിദ്യാര്‍ഥികള്‍ക്ക് ‘വാട്‌സാപ്പ് നോട്ട്സ്’   വേണ്ട

വിദ്യാര്‍ഥികള്‍ക്ക് ‘വാട്‌സാപ്പ് നോട്ട്സ്’ വേണ്ട

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണിത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.


പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

Leave a Reply

Your email address will not be published.