ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ ജില്ലാ പഞ്ചായത്തിന്റെ പുനരധിവാസ കേന്ദ്രം
ശരീരം തളര്‍ന്ന് ദീര്‍ഘകാലം കിടപ്പിലാകുന്ന രോഗികള്‍ക്ക് പരിചരണവും ചികിത്സയും നല്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറുവ പഞ്ചായത്തിലെ ചട്ടിപ്പറമ്പില്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മൂന്നര കോടി രൂപ ചെലവഴിച്ച് ചട്ടിപ്പറമ്പിലെ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപമുള്ള 30 സെന്റ് ഭൂമിയില്‍ ഭിന്നശേഷി സൗഹൃദ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പെയിന്റിങ് ഉള്‍പ്പെടെ അവസാനഘട്ട ജോലികള്‍ക്കായി 10 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ചികിത്സാ- തെറാപ്പി സൗകര്യങ്ങള്‍ കൂടി ഒരുക്കി മൂന്ന് മാസത്തിനകം സെന്റര്‍ ഗുണഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കും.
അപകടങ്ങളിലും മറ്റും നട്ടെല്ല്, സുഷുമ്നാ നാഡി തുടങ്ങിയവ തകര്‍ന്ന് ശാരീരികമായി തളയര്ന്നവര്ക്ക് മെച്ചപ്പെട്ട ചിക്തിസയും ഫിസിയോതെറാപ്പിയും പുനരധിവാസവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെഷിനറി വസ്തുക്കള്‍ വാങ്ങുന്നതിനായി ജില്ലാ സാമൂഹിക നീതി ഓഫീസറെ നിര്‍വഹണ ഉദ്യോഗസ്ഥയാക്കി പദ്ധതി വെച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ആദ്യഘട്ടത്തില്‍ ഒ.പി ചികിത്സയും ഒരു വര്‍ഷത്തിനു ശേഷം കിടത്തി ചികിത്സയും ഇവിടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
കുറുവ പഞ്ചായത്തിലെ ചെറുകുളമ്പ് ചെമ്പകശ്ശേരി ഉമ്മര്‍ ഹാജി എന്ന വ്യക്തി സൗജന്യമായി വിട്ടു നല്കിയ 30 സെന്റ് സ്ഥലത്താണ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്കിയ സ്ഥലത്തിന്റെ ആധാരം ഉമ്മര്‍ ഹാജി ഇന്ന് (ചൊവ്വ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയ്ക്ക് ചേംബറില്‍ വെച്ച് കൈമാറി. തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചെട്ടിപ്പടിയിലെത്തി പുനരധിവാസ കേന്ദ്രം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.പി. ഹാരിസ്, ശ്രീദേവി പ്രാക്കുന്ന്, എ. യാസ്മിന്, സെക്രട്ടറി എസ്. ബിജു, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറമോള്‍ പാലപ്ര തുടങ്ങിയവര്‍ അനുഗമിച്ചു.
ആധാരം കൈമാറ്റ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, വികസന സ്ഥിരംസമിതി മുന്‍ അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.
Leave a Reply