ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

പൊന്നാനി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതിനെ തുടർന്ന് ബിയ്യംകായലിലെ ജലോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ വള്ളംകളി നടത്തുന്നതിന് അനുമതിയും, ഫണ്ടും നൽകിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ അനുവദിച്ചത് പോലെ പൊന്നാനി ബിയ്യം കായലിലെ ജലോത്സവത്തിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 50 വർഷമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളം മത്സരം നടത്തി വരാറുള്ളത്. ബേപ്പൂർ ജലോൽസവത്തിനും, നെഹ്റു ട്രോഫി വള്ളംകളിക്കും സർക്കാർ അനുമതിയും, ഫണ്ടും അനുവദിച്ചിട്ടും ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ജലോത്സവത്തിന് സർക്കാർ ഫണ്ട് അനുവദിക്കാത്തത് ഇരട്ട താപ്പാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മത്സരവള്ളങ്ങൾക്കും,നിരവധി മാസങ്ങളായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന തുഴച്ചിൽ കാർക്കും ഭീമമായ തുകയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെലവാകുന്നത്. പൊന്നാനിയിലെ ജലോത്സവ പ്രേമികൾക്കും, കായികതാരങ്ങൾക്കും വേണ്ടി ബിയ്യം കായലിലെ ജലോത്സവം സർക്കാർ നേരിട്ട് നടത്തുന്നതിന് വേണ്ട നടപടികൾ സ്ഥലം എംഎൽഎയും, പൊന്നാനി നഗരസഭയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.