പാലക്കാട്: കെ മുരളീധരന്‍ തനിക്കെതിരെ നില്‍ക്കില്ലെന്ന ആത്മവിശ്വാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മത്സരിക്കാന്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫില്‍ തര്‍ക്കം മുറുകുമെന്ന പ്രതീതിയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ കത്തിനെ ഉപയോഗിക്കുകയാണ്.
മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പാലക്കാട്ടെത്തും. പ്രധാനപ്പെട്ട പരിപാടികള്‍ ഒന്നും മണ്ഡലത്തില്‍ ആരംഭിച്ചിട്ടില്ലെന്നും രാഹുല്‍.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെയായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്.
ഒക്ടോബര്‍ പത്തിനാണ് കത്തയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നു.
മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും സമൂഹത്തിന്റെയും അടിത്തട്ടിലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടേയും സ്പന്ദനവും അഭിപ്രായവും പഠിച്ചാണ് തങ്ങള്‍ കെ മുരളീധരന്റെ പേര് നിര്‍ദേശിക്കുന്നതെന്നും കത്തില്‍ പറയുന്നു.
Leave a Reply