കൊല്ലം: പ്രശസ്ത മലയാള നടൻ ടി.പി. മാധവൻ ബുധനാഴ്ച അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മയുടെ അദ്യ ജനറൽ സെക്രട്ടറിയും മലയാള സിനിമയിലെ സ്വഭാവ നടനുമായിരുന്നു ടി.പി. മാധവൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്ക്രീനിലെ പ്രിയപ്പെട്ട സാന്നിധ്യമായും വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടിപി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളിലും 30ലേറെ ടെലിവിഷൻ പരമ്പരകളിലും അദ്ദഹം വേഷമിട്ടിട്ടുണ്ട്.
കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻപി പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ മാധവൻ, 1960ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായി ആയിരുന്നു തുടക്കം. പിന്നീട് സൗഹൃദത്തിലൂടെ നാടകത്തിലേക്കും അതുവഴി സിനിമയിലേക്കുമെത്തിപ്പെടുകയായിരുന്നു.
1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം ആയിരുന്നു ടിപി മാധവന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇടയ്ക്ക് സിനിമയിൽ നിന്നു മാറി നിന്നുവെങ്കിലും വിയറ്റ്നാം കോളനിയിലൂടെ തിരിച്ചുവരവ് നടത്തി. മോഹൻലാൽ ചിത്രം ആറാം തമ്പുരാനുലും മികച്ച വേഷം ചെയ്തു. ഇടയ്ക്കു സിനിമയിൽ നിന്നു മാറി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഏറെ നാളുകളായി നോക്കാൻ ഉറ്റവരും ഉടയവരുമില്ലാതെ പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടിപി മാധവൻ താമസിച്ചിരുന്നത്.
Leave a Reply