ആക്റ്റ് പുരസ്കാരം 2024ശ്രീ. ടി . ജി . രവിക്ക്.


തിരൂർ; നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ആക്റ്റ് പുരസ്കാരം, പ്രശസ്ത നാടക – സിനിമ അഭിനേതാവും,സിനിമ നിർമാതാവുമായ ശ്രീ . ടി ജി. രവിക്ക് സമ്മാനിക്കും.
സ്കൂൾ – കോളേജ് തലം മുതൽ നാടക നടനായും തുടർന്ന് ആകാശവാണിയിൽ റേഡിയോ നാടക അവതരണത്തിലും ശ്രദ്ധേയനായിരുന്നു. 200 ൽ പരം സിനിമകളിൽ  നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട് . പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലെ  ആരാച്ചാർ എന്ന കഥാപാത്രം മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൂന്ന് സിനിമകൾ അദ്ദേഹം സ്വന്തമായി നിർമിച്ചിട്ടുണ്ട് .
മലയാള സിനിമയിൽ നായകനും , പ്രതിനായകനും , സ്വഭാവ നടനായും തികച്ചും വില്ലൻ കഥാപാത്രമായും അദ്ദേഹത്തിന്റെ അഭിനയ പ്രതിഭ വേറിട്ടതാണ് .
കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ,  സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട് .
ശ്രീമതി സരസ്വതി നമ്പൂതിരി , Dr. എം എൻ അബ്ദുൽറഹ്മാൻ , എസ് . ത്യാഗരാജൻ എന്നിവർ അംഗങ്ങളും അഡ്വ . വിക്രമകുമാർ മുല്ലശ്ശേരി, കൺവീനറുമായിട്ടുള്ള ജൂറി കമ്മിറ്റി ഏകകണ്ഠമായിട്ടാണ് ശ്രീ . ടി ജി രവിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് .
ക്യാഷ് അവാർഡും , പ്രത്യേകം രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്കാരം.
ആക്റ്റ് നാടകമേളയോടനുബന്ധിച്ച് 2024 നവംബർ 16ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക്, തിരൂർ മുൻസിപ്പൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് -ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രിയും, ആക്റ്റ് പ്രസിഡന്റുമായ ശ്രീ . വി. അബ്ദുൽറഹ്മാൻ, ആക്റ്റ് പുരസ്കാരം ശ്രീ . ടി ജി രവിക്ക് സമർപ്പിക്കും .

വാർത്താ സമ്മേളനത്തിൽ ആക്റ്റ് വൈസ് പ്രസിഡണ്ടും സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.വിക്രമകുമാർ മുല്ലശ്ശേരി , ജനറൽ സെക്രട്ടറിയും സ്വാഗതസംഘം വർക്കിംഗ് പ്രസിഡണ്ടുമായ എസ് . ത്യാഗരാജൻ , ആക്റ്റ് സെക്രട്ടറിമാരായ കരീം മേച്ചേരി , അനിൽ കുമാർ എം കെ, ഷീന രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published.