വയനാട് പ്രിയങ്ക തരംഗം

വയനാട് പ്രിയങ്ക തരംഗം

വയനാട്: വയനാട് ഇളക്കി മറിച്ച് പ്രിയങ്ക ഗാന്ധി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനെത്തിയ പ്രിയങ്കയുടെ റോഡ് ഷോയ്ക്കും കല്‍പ്പറ്റയിലെ പൊതുപരിപാടിയിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. അതിനു ശേഷം ജില്ലാ കളക്ടർ മേഘശ്രീയ്ക്ക് മുൻപാകെ പ്രിയങ്ക നോമിനേഷൻ സമർപ്പിച്ചു.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് പ്രിയങ്ക പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഒപ്പമുണ്ടായിരുന്നു. വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി പത്രിക നൽകിയത്.

‘ആദ്യമായാണ് തനിക്ക് വോട്ട് അഭ്യർഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക.

‘അച്ഛൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി 35 വർഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ഞാൻ ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്‍റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്.’ പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി. വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അത് മാത്രം പോര, നിങ്ങളുടെ ഓരോരുത്തരുടെയും അരികിലെത്തി, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയണം.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ നീണ്ടനിരയാണ് കൽപ്പറ്റയിലെ റോഡ് ഷോയിൽ അണിനിരന്നത്. പൂക്കൾ വിതറിയാണ് നേതാക്കളെ പ്രവർത്തകർ സ്വീകരിച്ചത്.

Leave a Reply

Your email address will not be published.