കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ.കെ. ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. വിജയന്റെ ആത്മഹത്യക്കുറിപ്പ് കൂടി വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്.
ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ളവർ തട്ടിയെടുത്ത പണത്തിന്റെയും പാർട്ടിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ലക്ഷങ്ങളുടെയും ബാധ്യത ഉള്ളതിനാലാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നെൻമേനി പത്രോസ്, പുൽപള്ളി വി.കെ. സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

Leave a Reply