‘ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല, മാന്യമായ  പ്രവർത്തനം മാത്രം’

‘ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല, മാന്യമായ  പ്രവർത്തനം മാത്രം’


വില്ലുപുരം: ബിജെപി ആശയപരമായി എതിരാളിയും ഡിഎംകെ രാഷ്ട്രീയ എതിരാളിയെന്നും വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കുന്ന തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വിജയ്. ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി.എം.കെ വഞ്ചിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ മത്സരിക്കും. ജനം പാർട്ടിക്കൊപ്പം നിൽക്കുമെന്നും വിജയ്.

പിതാവിൽനിന്നും അമ്മയിൽനിന്നും അനുഗ്രഹം വാങ്ങിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു. സാമൂഹിക നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. രാഷ്ട്രീയത്തിൽ മാറ്റം വേണം. പെരിയാർ, കാമരാജ്, അംബേദ്കർ എന്നിവരാണ് വഴികാട്ടികൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. അഴിമതി വൈറസ് പോലെയാണ്. പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തൂവെന്നും നടൻ പറഞ്ഞു.

ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. പണത്തിനുവേണ്ടിയല്ല, മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും വിജയ് വ്യക്തമാക്കി. പ്രവർത്തകർ ഭഗവദ് ഗീത, ഖുർആൻ, ബൈബിൾ എന്നിവ വിജയ്ക്കു സമ്മാനിച്ചു.

തമിഴ്നാടിനെ കൊ‍ള്ളയടിക്കുന്ന കുടുംബമാണ് ഡി.എം.കെ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്നും വിജയ് പറഞ്ഞു. നിങ്ങളിൽ ഒരാളായിനിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും. 2026ലെ തിരഞ്ഞെടുപ്പ് വേദിയിൽ നമ്മൾ അവരെ നേരിടും എന്നും വിജയ് പറഞ്ഞു.
വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ആരാധകർ അടക്കം വൻ ജനാവലിയാണ് എത്തിയത്. 85 ഏക്കർ വിസ്തൃതിയിൽ 170 അടി നീളവും 65 അടി വീതിയുമുള്ള സമ്മേളന നഗരിയിൽ തീർത്ത 600 മീറ്റർ നീണ്ട റാമ്പിലൂടെയാണ് അനുയായികൾക്കിടയിലൂടെ വിജയ് വേദിയിലെത്തിയത്.

Leave a Reply

Your email address will not be published.