തിരുവനന്തപുരം: കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓര്‍മ്മിപ്പിക്കരുത് എന്നും വിഡി സതീശന് പറഞ്ഞു. അന്ന് വി എസ് അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ പിണറായി വിജയൻ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി എസ് പൊളിറ്റ് ബ്യൂറോയില്‍ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചത്. അങ്ങനെ വിഎസ് ഇവിടെ വന്നത് നമുക്കെല്ലാം ഓര്‍മ്മയുണ്ട്. എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത്.
പിന്നീട് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായി. ആ അഞ്ചുകൊല്ലം നടന്നത് എന്താണെന്ന് എല്ലാവര്ക്കും അറിവുള്ളതല്ലേ? 2011 ല്‍ വീണ്ടും വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയാകുമെന്ന് തോന്നിയപ്പോള്‍ ഭരണം തന്നെ വേണ്ടെന്ന് വെച്ചയാളാണ് പിണറായി വിജയന്. അതുകൊണ്ട് ഞങ്ങളെ അധികം ക്ലാസെടുക്കാന്‍ പിണറായി വിജയന് വരരുത്. പഴയ കഥയൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുത്. വിഎസും പിണറായി വിജയനും തമ്മില്‍ നടന്നതുപോലൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടാകില്ല. കോണ്‍ഗ്രസിന് അതിന്റേതായ രീതിയുണ്ട്. മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലാസ്സ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് ഒരു ചടങ്ങിൽ സ്വാഗത പ്രാസംഗികൻ വിശേഷിപ്പിച്ചതിലാണ് മുഖ്യമന്ത്രി ഇന്നലെ പരിഹാസവുമായി രംഗത്തു വന്നത്. കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്.

Leave a Reply