കൊച്ചി: വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യവസായ വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ ഊതി വീര്‍പ്പിച്ച കണക്കുകള്‍ കൊണ്ട് ഏച്ചുകെട്ടുകയാണ്. കേരളം വ്യവസായ സൗഹൃദം പൂര്‍ണമായി ഉള്ള സംസ്ഥാനമായി മാറണമെന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. രാഷ്ട്രീയത്തിന് അപ്പുറത്തിലുള്ള എല്ലാ പിന്തുണയും പ്രതിപക്ഷം നല്‍കും എന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്.
കോവിഡ് കാലത്തെ പിആര്‍ വര്‍ക്കിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്ക്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ കേരളം ഒന്നാമതെന്ന വാദം തെറ്റാണ്. 2021 മുതല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോകബാങ്ക് നിര്‍ത്തലാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക നിര്‍ത്തലാക്കിയത്.
താന്‍ പറഞ്ഞത് ശശി തരൂരിനുള്ള മറുപടിയല്ല. ഇപ്പോള്‍ പറഞ്ഞത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയാണ്. തരൂരിനെ നേരിട്ടു കാണുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തെ നേരിട്ടു മനസ്സിലാക്കി കൊടുക്കും. മുമ്പ് ശശി തരൂര്‍ സില്‍വര്‍ ലൈനിനെ അനുകൂലിച്ചിരുന്നു. അപ്പോള്‍ അതിന്റെ ഡാറ്റ തരൂരിന് അയച്ചു കൊടുത്തു. അപ്പോള്‍ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം, ഡല്‍ഹിയില്‍ തരൂരിന്റെ വസതിയില്‍ പോയി ബ്രീഫ് ചെയ്തു. അതിനുശേഷം, കെ റെയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തരൂര്‍ ഫെയ്‌സ്ബുക്കിലൂടെ വിശദീകരണക്കുറിപ്പ് ഇട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ആരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.
Leave a Reply