‘വഖഫ്’ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത്  മുസ്ലീം ലീഗ്’

‘വഖഫ്’ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത്  മുസ്ലീം ലീഗ്’

കൊച്ചി: വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമായിരിക്കുമെന്ന മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പി ജയരാജന്റെ കുറിപ്പ്.

‘ ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്പില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങി’യതായി പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ ‘കൊട്ടന്’ പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്‍കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ‘കൊട്ടന്’ ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു. പട്ടയം ലഭിച്ച ഭൂമി മുതവല്ലിയുടെ ബന്ധുവിന് കൈമാറ്റം ചെയ്യുന്നു. ഇതെല്ലം ഒത്തുകളിയാണ്. അങ്ങനെ ഈ ഭൂമി വഖഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയാം; തളിപ്പറമ്പില്‍ തന്നെ ഉള്ള വഖഫ് സ്വത്തില്‍ മഹല്ല് കമ്മിറ്റിയുടെ കടം വീട്ടാന്‍ 10 സെന്റ് ഭൂമി വില്‍ക്കാന്‍ ലീഗ് നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് അനുമതി നല്‍കുന്നു. ഇതിന്റെ മറ പിടിച്ച് ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെന്ററുകള്‍ വിറ്റു കാശാക്കി.’- എന്നും പി ജയരാജന്‍.

കുറിപ്പിന്റെ പൂർണ രൂപം

കുഞ്ഞാലിക്കുട്ടിക്ക് സ്നേഹപൂർവ്വം ; മുനമ്പം പ്രശ്നം സംബന്ധിച്ച് ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുടെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നുണ്ട് ‘പഴയ ചരിത്രത്തിലേക്കു പോയാൽ ഏറ്റവും ബുദ്ധിമുട്ട് ഇടതു പക്ഷത്തിനാണ്. വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് നിയോഗിച്ച നിസാർ കമ്മീഷൻ്റെ റിപ്പോർട്ടാണ് പിന്നീട് ഉണ്ടായതിൻ്റെയെല്ലാം അടിസ്ഥാനം’. ഇത് പരിഹാസ്യമായ കണ്ടെത്തലാണ്. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാൽ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്. കാരണം ലീഗ് നേതാക്കൻമാർ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്പിൽ 1937 ൽ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 634 ഏക്കർ ആയിരുന്നു. ഇപ്പോൾ 70 ഏക്കറിൽ താഴെയായി അതു ചുരുങ്ങിയിരിക്കുന്നു. 1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തൻ്റെ ഡ്രൈവർ ‘കൊട്ടന്’ പച്ചക്കറി കൃഷി നടത്താൻ പാട്ടത്തിന് വഖഫ് ഭൂമി നൽകുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ‘കൊട്ടന്’ ഈ ഭൂമിക്ക് നികുതി അടയ്ക്കാൻ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു. പട്ടയം ലഭിച്ച ഭൂമി മുതവല്ലിയുടെ ബന്ധുവിന് കൈമാറ്റം ചെയ്യുന്നു. ഇതെല്ലം ഒത്തുകളിയാണ്. അങ്ങനെ ഈ ഭൂമി വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയാം; തളിപ്പറമ്പിൽ തന്നെ ഉള്ള വഖഫ് സ്വത്തിൽ മഹല്ല് കമ്മിറ്റിയുടെ കടം വീട്ടാൻ 10 സെൻറ് ഭൂമി വിൽക്കാൻ ലീഗ് നേതൃത്വത്തിലുള്ള വഖഫ് ബോർഡ് അനുമതി നൽകുന്നു. ഇതിൻറെ മറ പിടിച്ച് ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെന്ററുകൾ വിറ്റു  കാശാക്കി. കശുവണ്ടി ഉണക്കാൻ പാട്ടത്തിന് നൽകിയ ഭൂമി ഒരു ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടയാളുടെ കൈവശത്തിലായി. അദ്ദേഹവും വിലക്കു വാങ്ങിച്ചതാണെന്ന് അവകാശപ്പെടുന്നു. ഇതേക്കുറിച്ചെല്ലാമാണ് മുൻ നിയമ സെക്രട്ടറിയും റിട്ട:ജഡ്‌ജിയുമായ എം. എ നിസാർ കമ്മീഷൻ അന്വേഷിച്ചു കണ്ടെത്തിയത് . കേരളത്തിളുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടലാണ് കമ്മീഷൻ റിപ്പോട്ടിലുള്ളത്.

അതിനാൽ ഇപ്പോഴത്തെ വിവാദത്തിൻറെ അടിസ്ഥാനം നിസാർ കമ്മീഷനാണെന്ന് ലീഗ് നേതാവ് പറയുമ്പോൾ എല്ലാവർക്കും കാര്യം പിടി കിട്ടും. തട്ടിപ്പിൻറെ മഞ്ഞു മലയാണ് കമ്മീഷൻ റിപ്പോർട്ടിലൂടെ വെളിയിൽ വന്നത് .

   ഇവിടെ യാതാർഥ്യബോധം പ്രകടിപ്പിക്കയാണ് എല്ലാവരും ചെയ്യേണ്ടത് . ചെറുകിട കൈവശക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എല്ലാവർക്കും ആശ്വാസകരമാണ് . അതേ സമയം ഇസ്‍ലാം മത വിശ്വാസികൾ ‘പടച്ചവൻറെ സ്വത്തായി’ കണക്കാക്കുന്ന വഖഫ് ഭൂമി നിയമ വിരുദ്ധമായി കൈമാറ്റം ചെയ്യുന്നതിന് ഉത്തരവാദികളായവർ പ്രതികൂട്ടിൽ നിൽക്കുക തന്നെ വേണം. അതു ഒഴിവാക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടിയും മറ്റും ശ്രമിക്കുന്നത്. ഇതിനെ ഇസ്ലാം മത വിശ്വാസികൾതന്നെ ചോദ്യം ചെയ്യാൻ മുന്നോട്ട് വരുന്നത് ആശ്വാസകരമാണ്.എന്നുമാത്രമല്ല ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, വഖഫ് ഭൂമി വിഷയത്തിൽ പുറപ്പെടുവിച്ച വിധി ലീഗ് നേതാക്കൾ ഉൾപ്പെടെ എല്ലാവരും വായിക്കണം. കൈവശക്കാർക്ക് നികുതി അടയ്ക്കാനുള്ള കേരള സർക്കാരിൻ്റെ ഉത്തരവ് തന്നെ കോടതി തടഞ്ഞിരിക്കുന്നു .അപ്പോൾ നിസാർ കമ്മീഷൻ റിപ്പോർട്ടല്ല ഇപ്പോഴത്തെ പ്രശ്‍നങ്ങൾക്ക് കാരണമെന്ന് ബോധ്യപ്പെടും.

Leave a Reply

Your email address will not be published.