യുപി തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്

യുപി തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃശ്ചികമായുണ്ടായതാണെന്നും സംഭവം അന്വേഷിക്കുന്ന രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ല. അതുകൊണ്ട് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്‌ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്‌സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചു.


ഈ സമയം വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്‌സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്‌നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്‌ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.