‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച

‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച (ജൂലൈ ഒന്ന്) വെളിയങ്കോട് എരമംഗലം കിളിയില്‍ പ്ലാസയില്‍ നടക്കും. തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ സുനാമി റെഡി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമാണ് തിങ്കളാഴ്ച നടക്കുന്നത്. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാല്‍ വെളിയങ്കോടിനെയാണ് മലപ്പുറം ജില്ലയിൽ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പൊലീസ്, ഫയർ ആൻഡ് റെസ്ക്യു, റവന്യു, തദ്ദേശ സ്വയം ഭരണം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാര്‍, സ്കൂൾ അധ്യാപകർ, ആപ്താ മിത്ര അംഗങ്ങൾ, സന്നദ്ധ സേന അംഗങ്ങൾ, എന്നിവർക്കായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രൊജക്ട് കോ ഓര്‍ഡിനേറ്റർ ഡോ. എം മിഥില വിഷയാവതരണം നടത്തും. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ഷെർലി പൗലോസ്, പൊന്നാനി തഹസിൽദാർ എന്‍. ജയന്തി, ജില്ലാ ഹസാർഡ് അനലിസ്റ്റ് ടി.എസ് ആദിത്യ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.