ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഡോളറിന് എതിരാളിയായി പുതിയ കറന്‍സി സൃഷ്ടിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ തയ്യാറായാല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ബ്രിക്സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറാന്‍ ശ്രമിക്കുകയാണെങ്കില്‍ നോക്കിനില്ക്കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കും’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നി രാജ്യങ്ങളാണ് ബ്രിക്സ് സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പില്‍ വിപുലമായ തോതില്‍ താരിഫുകള്‍ നടപ്പാക്കുമെന്ന് ട്രംപ് പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തീരുവ കൂട്ടുമെന്ന ഭീഷണി അദ്ദേഹം മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് രംഗത്തുവന്നത്.
ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ ബ്രിക്സ് കറന്‍സി രൂപീകരിക്കണമെന്ന് ബ്രസീലും റഷ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വൃത്യാസത്തെ തുടര്‍ന്ന് പുതിയ കറന്‍സി രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മന്ദഗതിയിലായി. ‘ഈ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറപ്പ് ആവശ്യമാണ്, അവര്‍ ഒരു പുതിയ ബ്രിക്സ് കറന്‍സി സൃഷ്ടിക്കുകയോ ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറന്‍സിയെ പിന്തുണയ്ക്കുകയോ ചെയ്യില്ല എന്നത്. അല്ലെങ്കില്‍ അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും. യുഎസ് സമ്പദ്വ്യവസ്ഥയില് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം എന്ന മോഹം അവര്‍ ഉപേക്ഷിക്കേണ്ടതായും വരും.’- ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ബ്രിക്സ് കൂട്ടായ്മയില്‍ പൊതുകറന്‍സി രൂപീകരിക്കാനുള്ള ചര്‍ച്ച സജീവമാണ്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പതിനഞ്ചാം ബ്രിക്സ് ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഡോളര്‍ ഇതര കറന്‍സിയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയിലും ഇത് ചര്‍ച്ചയായി. പ്രാദേശിക കറന്‍സികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും ഇടപാടുകള്‍ നടത്താന്‍ നീക്കമുണ്ട്.
Leave a Reply