തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസിന്റെ എഫ്ഐആര്‍ പുറത്ത്. പൂരം തടസ്സപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കാലങ്ങളായി ജാതിമത രാഷ്ട്രീയഭേദമെന്യേ ആഘോഷിച്ചു വരുന്ന തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തി, സമൂഹത്തിന്റെ ഒരു വിഭാഗത്തിലെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്നതിനായി കുറ്റകരമായ ഗൂഢാലോചന നടത്തി, 2024 ഏപ്രില്‍ മാസം 20 -ാം തീയതി നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികള്‍ പരസ്പരം സഹായിക്കുകയും ഉത്സാഹിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതു സംബന്ധിച്ച അന്വേഷണം എന്നാണ് എഫ്ഐആറിലെ ചുരുക്കം എന്നു രേഖപ്പെടുത്തിയിട്ടുള്ളത്.
തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തള്ളുകയാണ് സി.പി.ഐ. പൂരം അലങ്കോലമായെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും റവന്യൂ മന്ത്രി കെ. രാജനും ഞായറാഴ്ച ആവര്‍ത്തിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്നത്തെ മുഖ്യമന്ത്രി ലഘൂകരിച്ചുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
Leave a Reply