തമിഴ്‌നാട്ടിൽ അതി തീവ്ര മഴയ്ക്കു സാധ്യത

തമിഴ്‌നാട്ടിൽ അതി തീവ്ര മഴയ്ക്കു സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒക്ടോബർ പതിനാല് മുതൽ പതിനേഴ് വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. പുതുച്ചേരി, കാരയ്‌ക്കൽ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് എംകെ സ്‌റ്റാലിൻ ജനങ്ങൾക്ക് നൽകിയ നിർദ്ദേശം.

കർഷകർ, മത്സ്യത്തൊഴിലാളികൾ, ഫോർ വീലർ, ടു വീലർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, ഹോസ്‌റ്റലുകളിൽ കഴിയുന്നവർ, വിനോദ യാത്രകൾ നടത്തുന്നവർ, അപ്പാർട്ട്‌മെന്റുകളിൽ കഴിയുന്നവർ, വ്യവസായ പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, നിർമാണത്തൊഴിലാളികൾ എന്നിവർ വരാനിരിക്കുന്ന കനത്ത മഴയെ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.