ദുരിതമൊഴിയാതെ

ദുരിതമൊഴിയാതെ


ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി.  മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്

തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേരെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചെറിയ റോഡ് ആയതിനാല്‍ പ്രദേശത്തേക്ക് ജെസിബി ഉള്‍പ്പടെ എത്തിക്കുകയെന്നത് ശ്രമകരമായതിനാല്‍ മനുഷ്യര്‍ തന്നെ മണ്ണുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിഴുപുരം റെയില്‍വേപാളം വെള്ളത്തില്‍ മുങ്ങിയതിനാല്‍ പത്തിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു അടുത്ത 12 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന്റെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ ജനം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി കനത്ത മഴയില്‍ 9 പേര്‍ മരിച്ചു. സൈന്യം രക്ഷാ ദൗത്യം തുടരുകയാണ്. പുതുച്ചേരിയില്‍ ദുരിതപ്പെയ്ത്തില്‍ നിരവധി വീടുകളിലടക്കം വെള്ളം കയറി.

സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി. പുനഃസ്ഥാപനം കടുത്ത വെല്ലുവിളിയാണെന്നു അധികൃതര്‍ പറയുന്നു. വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കടലൂര്‍, കള്ളക്കുറിച്ചി ജില്ലകളില്‍ ഏക്കര്‍ കണക്കിനു കൃഷി നശിച്ചു. തിരുവണ്ണാമലയില്‍ ജില്ലാ കലക്ടറുടെ ഔദ്യോ?ഗിക വസതിയുടെ ചുറ്റുമതില്‍ തകര്‍ന്ന് വെള്ളം അകത്തേക്ക് കയറി.

അതേസമയം ഇന്നലെ കനത്ത മഴ പെയ്ത ചെന്നൈയില്‍ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. മുന്നറിയിപ്പിനെ തുടര്‍ന്നു 16 മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം പുലര്‍ച്ചെ നാലോടെ തുറന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published.