തിരുവനന്തപുരം: തൃശൂർ പൂരത്തിനിടെയിലെ ആംബുലൻസ് യാത്രയെക്കുറിച്ച് മലക്കംമറിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പോയത് ആംബുലൻസിൽ തന്നെയെന്നാണ് സുരേഷ് ഗോപിയുടെ പുതിയ വെളിപ്പെടുത്തൽ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ്ഗോപി.
ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്. ആംബുലൻസിൽ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയർപോർട്ടിൽ കാർട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാർട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവർ എടുത്താണ് എന്നെ ആംബുലൻസിൽ കയറ്റിയത്, സുരേഷ് ഗോപി പറഞ്ഞു.
അഞ്ചു കിലോമീറ്ററോളം കാറിൽ വന്ന ശേഷമാണ് ആംബുലന്‍സില്‍ കയറിയത്. കാലിന് സുഖമില്ലാത്തതിനാല്‍ തിരക്കിന് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ കയറിയതെന്ന് അദ്ദേഹം . “ആംബുലൻസ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് അന്വേഷിക്കൂ. വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവർക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അത്യാഹിത സംവിധാനമാണ്.
ആ സ്ഥിതിയിൽ തനിക്ക് തിരിക്കിന് ഇടയിലൂടെ പോകാൻ പറ്റിയിരുന്നില്ലാ. അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം ഗുണ്ടകൾ എന്‍റെ വണ്ടി ആക്രമിച്ചത് എങ്ങനെയാണെന്ന്, നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം തന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്.
അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്. ഇതിന് ഞാൻ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സിബിഐ വരുമ്പോൾ അവരോട് പറഞ്ഞാ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകും,” സുരേഷ് ഗോപി പറഞ്ഞു.
Leave a Reply