തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
”അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല. പ്രസ് സെക്രട്ടറി രാജീവിനോടാണ് ചോദിച്ചത്. സോഷ്യല്‍ മീഡിയയിലും ചാനലിലും എല്ലാം ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിന് കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടു വന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാവരും വന്നത്”, മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
16000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവര്‍ സമ്മതിക്കുകയെ ചെയ്തു. എന്നാല്‍ അവര്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. നടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
Leave a Reply