തത്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല

തത്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല


ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനെ സര്‍ക്കാര്‍
അഭിഭാഷകന്‍ എതിര്‍ത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത്ത് കുമാർ ആവശ്യപ്പെട്ടു. പരാതി നൽകാൻ 8 വർഷം വൈകിയതെന്തുകൊണ്ടെന്ന ചോദ്യം കോടതി ആവർത്തിച്ചു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, അക്കാലത്ത് സിദ്ദിഖ് സിനിമയിലെ ശക്തനായിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു.

Leave a Reply

Your email address will not be published.