സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ആകാശപാതയുടെ കീഴിലെ സ്ട്രീറ്റ് ഫുഡ് ഹബ് തുടങ്ങുന്നതിന് വിശദമായ പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി. കൂടാതെ, പഞ്ചായത്തിന്റെ അധീനതയില്‍ സമാന സ്ഥലങ്ങള്‍ കണ്ടെത്താന്‍ എല്‍.എസ്.ജി.ഡിയോടും ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള അറവുശാലകള്‍ നിയമാനുസൃതമായി ലൈസന്‍സ് എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാവൂയെന്ന് നിര്‍ദേശിച്ചു. അല്ലാത്തവ പരിശോധിച്ച് നടപടി സ്വീകരിക്കും.
തെരുവോരങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ പാചകം ചെയ്ത ഓയിലുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് നിര്‍ദേശം നല്‍കി. പൊതുമരമാത്ത് റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. വഴിയോരങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കരുത്. നിശ്ചിത സമയത്തിനകം മാറിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകും. ഹോട്ടല്‍ ഗ്രേഡിങ്ങിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ റേറ്റിങിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നവിധം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം. ജില്ലയിലെ ഫ്‌ളാറ്റുകളിലെ കുടിവെള്ള സ്രോതസുകള്‍ കേന്ദ്രീകരിച്ച് തദ്ദേശസ്വയംഭരണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുമെന്നും തീരുമാനിച്ചു.
മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുന്ന കിറ്റുകള്‍ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് അവബോധം നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹോട്ടലുകളില്‍ മേശകളും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് 228 സ്ഥാപനങ്ങള്‍ പരിശോധിച്ച് 35 എണ്ണത്തിന് നോട്ടീസ് നല്‍കി. മഴക്കാലത്തോടനുബന്ധിച്ച് നടത്തുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി മെയ് 22 മുതല്‍ ജൂണ്‍ 18 വരെ 299 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 88 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 246 സാമ്പിളുകള്‍ പരിശോധനയക്ക് വിധേയമാക്കിയതായും അസി. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
Leave a Reply